
രഘുവരന് ഒരിക്കലും തന്റെ സിനിമ ജീവിതത്തെ പിന്തുണച്ചിരുന്നില്ലെന്ന് തുറന്നു പറഞ്ഞ് ഭാര്യയും നടിയുമായ രോഹിണി. അദ്ദേഹം തന്നെയൊരു ഹൗസ് വൈഫ് മെറ്റീരിയലായാണ് കണ്ടിരുന്നതെന്നും, അത് കൊണ്ടാണ് വിവാഹം കഴിഞ്ഞപ്പോൾ കരിയറിൽ ബ്രേക്ക് വന്നതെന്നും രോഹിണി പറഞ്ഞു. കൂടാതെ തന്റെ ഭാര്യ തന്റെ സംരക്ഷണത്തിലായിരിക്കണമെന്ന ചിന്തയായിരുന്നു അദ്ദേഹത്തിനെന്നും രോഹിണി കൂട്ടിച്ചേർത്തു. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രോഹിണി.
“രഘുവരന് ഒരിക്കലും എന്റെ സിനിമ ജീവിതത്തെ പിന്തുണച്ചിട്ടില്ല. ഞാൻ ജോലി ചെയ്യണം എന്ന് ഒരിക്കലും അദ്ദേഹം വിചാരിച്ചിട്ടില്ല. ഞാനൊരു ഹൗസ് വൈഫ് എന്ന രീതിയിലാണ് രഘു പ്രതീക്ഷിച്ചത്. അതുകൊണ്ടു തന്നെയാണ് വിവാഹം കഴിഞ്ഞതോടെ കരിയറില്‍ നിന്ന് ബ്രേക്ക് എടുത്ത് ഏഴ് വര്‍ഷം സിനിമകളില്ലാതെ മാറി നില്ക്കാന് കാരണം. അങ്ങനെ ഒരു ചുറ്റുപാടിലാണ് രഘു ജീവിച്ചത്. അവരുടെ കുടുംബത്തില്‍ സ്ത്രീകളാരും പുറത്ത് പോയി ജോലി ചെയ്യുന്നില്ല. അദ്ദേഹത്തിനും ഒരു പെണ്ണ്, എന്റെ ഭാര്യ എന്റെ സംരക്ഷണത്തിലായിരിക്കണം എന്ന മാനസിക ചിന്തയായിരുന്നു. അതില്‍ നിന്ന് പുറത്തു കടക്കാന്‍ എനിക്ക് കുറച്ചധികം സമയമെടുത്തു.” രോഹിണി പറഞ്ഞു.
“അത്രയും പോരാടിയാണ് പിന്നീട് ഞാന്‍ തിരിച്ചു വന്നതും, സിനിമ സംവിധാനം ചെയ്തതുമെല്ലാം. 52 വര്‍ഷത്തോളമായി ഞാന്‍ ഇൻഡസ്ട്രിയിലുണ്ട്. ഏഴ് വര്‍ഷം മാത്രമാണ് ഞാന്‍ രഘുവരന് എന്ന മനുഷ്യനൊപ്പം ജീവിച്ചത്. തീര്‍ച്ചയായും അദ്ദേഹം എന്റെ മുന്‍ ഭര്‍ത്താവ് ആയിരുന്നു, എന്റെ കുട്ടിയുടെ അച്ഛനാണ്. പക്ഷേ എന്റെ സിനിമ ജീവിതം, ഞാന്‍ ചെയ്ത എല്ലാ കാര്യങ്ങളും രഘുവരന് എന്ന ഒറ്റ മനുഷ്യന്റെ പേരില്‍ ആശ്രയിച്ചിരിക്കുന്നതില്‍ വേദനയുണ്ട്.
ഏഴ് വര്‍ഷം ഞങ്ങള്‍ ഒന്നിച്ച് ജീവിച്ച കാലത്തെ കുറിച്ചും, വേര്‍പിരിഞ്ഞതിനെ കുറിച്ചും എല്ലാം ഞാന്‍ പറഞ്ഞു കഴിഞ്ഞു. ഇനി എന്റെ സിനിമകളെ കുറിച്ച് ചോദിക്കൂ, എന്നെ കുറിച്ച് ചോദിക്കൂ എന്നാണ് ഞാനിപ്പോള്‍ പറയാറുള്ളത്. ഒരു വ്യക്തി എന്ന നിലയിലും ഒരു അഭിനേത്രി എന്ന നിലയിലും അത് ഞാന്‍ അര്‍ഹിക്കുന്നു. എനിക്ക് വേണ്ടിയൊരു അടയാളപ്പെടുത്തല്‍ ഉണ്ടായിരിക്കണം”.- രോഹിണി കൂട്ടിച്ചേർത്തു.
1996 ലായിരുന്നു രോഹിണിയും രഘുവരനും തമ്മിൽ വിവാഹിതരായത്. 2004 ൽ ഇരുവരും വേർപിരിഞ്ഞു. ഋഷിവരൻ എന്നാണ് ഇവരുടെ മകന്റെ പേര്.