
പ്രശസ്ത സംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. ‘തുടരും’ എന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചത് തൻ്റെ ജീവിതത്തിൽ എക്കാലത്തും ഓർമ്മിക്കപ്പെടുന്ന ഒരു വലിയ ബഹുമതിയാണെന്ന് മോഹൻലാൽ തൻ്റെ അനുശോചന കുറിപ്പിൽ കുറിച്ചു. ഇന്ത്യൻ സിനിമയ്ക്ക് പകരംവെക്കാനില്ലാത്ത സംഭാവനകൾ നൽകിയ മഹാനായ ഒരു പ്രതിഭയെയാണ് ഭാരതിരാജയുടെ വേർപാടിലൂടെ നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹൻലാലിന്റെ വാക്കുകൾ: ‘മണ്ണിൽ കവിതയും, നിശബ്ദതയിൽ സത്യവും, ഓരോ ഫ്രെയിമുകളിലും ആത്മാവിനെയും കണ്ടെത്തിയ ഒരു സംവിധായകൻ. ഭാരതിരാജ സാറിനൊപ്പം ‘തുടരും’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചു എന്നതിൽ ഞാൻ എല്ലാക്കാലവും അഭിമാനിക്കുന്ന നേട്ടങ്ങളിലൊന്നായിരുന്നു. താങ്കളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ, സർ. താങ്കളുടെ പാരമ്പര്യം തലമുറകളെ പ്രചോദിപ്പിക്കുകയും, താങ്കളുടെ സാന്നിധ്യം വളരെ സ്നേഹത്തോടെ ഓർമ്മിക്കപ്പെടുകയും ചെയ്യും’.
മോഹൻലാൽ – തരുൺ മൂർത്തി ചിത്രം ‘തുടരു ‘മിലാണ് ഭാരതിരാജ ഏറ്റവും ഒടുവിലായി വേഷമിട്ടത്. ‘തുടരും’ എന്ന ചിത്രത്തിൽ ‘പളനി സ്വാമി’ എന്ന വയോധികനായ സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലാണ് അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചത്. കടുത്ത ആരോഗ്യപ്രശ്നങ്ങളും ഓർമക്കുറവും അലട്ടിയിരുന്നിട്ടും അദ്ദേഹം ആ വേഷം മനോഹരമാക്കിയിരുന്നു. മോഹൻലാലിനെ കാണാനും ഒരുമിച്ച് സമയം ചെലവഴിക്കാനും കഴിയും എന്നു പറഞ്ഞായിരുന്നു ഭാരതിരാജ ചിത്രത്തിൽ വേഷമിട്ടത് എന്ന് തരുൺ മൂർത്തി പറഞ്ഞിരുന്നു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഭാരതിരാജയുടെ അന്ത്യം. ഗ്രാമത്തിൻ്റെ ചൂരുള്ള കഥകളിലൂടെ തമിഴ് സിനിമയുടെ പ്രശസ്തി ലോകമെങ്ങും പടർത്തിയ സംവിധായകനാണ് അദ്ദേഹം. ’16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ സിനിമാ ലോകത്തേക്ക് കടന്നുവന്നത്. ‘സിഗപ്പു റോജകൾ’, ‘നിഴൽഗൾ’, ‘അലൈകൾ ഓയിവതില്ലൈ’, ‘മുതൽ മര്യാദൈ’, ‘കിഴക്കു ചീമയിലെ’ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളാണ്. അടുത്തിടെ മോഹൻലാൽ നായകനായ ‘തുടരും’ എന്ന ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലും ഭാരതിരാജ എത്തിയിരുന്നു. 2020ൽ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാദൈ’ എന്ന ചിത്രമാണ് ഭാരതിരാജ അവസാനമായി സംവിധാനം ചെയ്തത്. 2004ൽ രാജ്യം പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചു. 2013 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായിരുന്നു. ഭാര്യ: ചന്ദ്രലീലാവതി. മക്കൾ: ജനനി രാജ്കുമാർ, അന്തരിച്ച സംവിധായകനായ മനോജ് ഭാരതിരാജ.