“അൻസിബക്ക് പിന്നിൽ മത തീവ്രവാദികൾ, അൻസിബയ്‌ക്കെതിരെ പത്ത് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യും”; ലക്ഷ്മി പ്രിയ

','

' ); } ?>

നടി അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ വ്യക്തമായ അജണ്ടയും മത-വർഗീയ ശക്തികളുടെ ഇടപെടലും സംശയിക്കുന്നതായി നടി ലക്ഷ്മിപ്രിയ. തനിക്കെതിരെ നൽകിയ പരാതി വ്യാജമാണെന്ന് പോലീസ് റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് അൻസിബയ്‌ക്കെതിരെ പത്ത് കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ലക്ഷ്മിപ്രിയ വ്യക്തമാക്കിയത്. അൻസിബ വിചാരിച്ചാൽ തകർന്നുപോകുന്ന ആളല്ല താനെന്നും താരം കൂട്ടിച്ചേർത്തു.

ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്.ഐക്കുമെതിരെ അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് അസിസ്റ്റന്റ് കമ്മീഷണർ (എ.സി.പി) റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ലക്ഷ്മിപ്രിയയുടെ ശക്തമായ പ്രതികരണം. തനിക്കെതിരായ നീക്കങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അതിനെ നിയമപരമായി നേരിടുമെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.

‘മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവരുടെ വിലപ്പെട്ട സമയം ഇത്തരത്തിലൊരു അന്വേഷണവുമായി ബന്ധപ്പെട്ട് പാഴാക്കി. അതിൽ ഞാൻ കൂടി പങ്കാളിയാവേണ്ടി വന്നതിൽ ക്ഷമ പറയുന്നു. അൻസിബ വിചാരിച്ചാൽ തകർന്നുപോവുന്ന ആളല്ല ലക്ഷ്‌മിപ്രിയ. അൻസിബയുടെ പിന്നിൽ അജൻഡയുണ്ട്. മതവർഗീയവാദികൾ അൻസിബയുടെ പിന്നിലുണ്ടെന്ന് സംശയിക്കുന്നു.

ഞാൻ പരാതിയായി നൽകിയിട്ടില്ല. അൻസിബയിൽനിന്ന് മെസേജ് വന്നു. അതിന്റെ കാര്യം അന്വേഷിച്ച് പറയണം എന്നാണ് ആവശ്യപ്പെട്ടത്. എന്റെ പരാതി ഗൗരവമുള്ളതാണെന്നും കേസ് രജിസ്റ്റർ ചെയ്യണമെന്നും ഒരിടത്തും പറഞ്ഞിട്ടില്ല. പരിഹരിക്കാവുന്ന സ്ഥലം എന്ന നിലയിൽ മാത്രമാണ് ഞാൻ തൃപ്പൂണിത്തുറ വനിതാ സെല്ലിലേക്ക് പോയത്. എന്റെ പരാതി കാര്യഗൗരവമുള്ളതാണെന്ന് ഞാൻ പറഞ്ഞിട്ടേയില്ല. എൻ്റേത് പരാതിയെന്ന് പോലും പറയാൻ പറ്റില്ല. എനിക്കുണ്ടായ വിഷമം, അതുകൊണ്ടുണ്ടായ പ്രശ്‌നങ്ങൾ അത് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. അതിനെ ഗൗരവത്തോടെ എടുക്കണമെന്നോ ചർച്ച ചെയ്യണമെന്നോ ആഗ്രഹിക്കാത്തതുകൊണ്ടാണ് സംഘടനയിൽപ്പോലും പറയാതിരുന്നത്.’ ലക്ഷ്‌മിപ്രിയ പറഞ്ഞു.

‘ക്ഷമ പറയുന്നുണ്ടോ എന്ന് മാത്രമാണ് തൃപ്പൂണിത്തുറ എസ്‌ഐ രേഷ്‌മ ചോദിച്ചത്. 20 മിനിറ്റ് മാത്രമാണ് എല്ലാവരും ചേർന്ന് ഇരുന്ന് സംസാരിച്ചത്. 35 മിനിറ്റ് 20 സെക്കൻഡ് എൻ്റെ ഭർത്താവിനോട് ഫോണിൽ സംസാരിച്ചു. അതിന്റെ കോൾ റെക്കോർഡ് ഉണ്ട്. വിവാദമുണ്ടാക്കിയതിന് പിന്നിൽ അജൻഡയുണ്ട്. അത് അന്വേഷിക്കണം. അൻസിബ കോടതിയെ സമീപ്പിച്ചോട്ടെ. പത്തുകോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് ഞാൻ മാനനഷ്ടക്കേസ് ഫയൽ ചെയ്യും. പത്തുവയസ്സുള്ള എൻ്റെ മകളെപ്പോലും അൻസിബ അധിക്ഷേപിച്ചു. ‘അമ്മ’ സംഘടന വെണ്ണല മഹാദേവ ക്ഷേത്രത്തിന്റെ ഫണ്ട് സ്വീകരിച്ചു എന്നതാണ് അൻസിബയെ ആദ്യം പ്രകോപിപ്പിച്ചത്. ‘അമ്മ’ കലാകാരന്മാരുടെ സംഘടനയാണ്. ജാതിയും മതവുമില്ല. മുസ്ലിം സംഘടന ഫണ്ട് തന്നാലും സ്വീകരിക്കും. അത് രേഖകളുള്ള പണം ആവണം എന്നുമാത്രമേ നിർബന്ധമുള്ളൂ.’ ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു.