“സെലിബ്രിറ്റികളെ ജനങ്ങളെക്കൊണ്ട് ചീത്ത വിളിപ്പിക്കുന്ന തംബ്നെയിലുകളാണ് കൂടുതലും”; രമേശ് പിഷാരടി

','

' ); } ?>

ഓൺലൈൻ മാധ്യമങ്ങളുടെയും വ്ലോഗർമാരുടെയും അതിരുവിട്ട ഇടപെടലുകൾക്കെതിരെയും റീച്ചിനു വേണ്ടിയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെയും രൂക്ഷവിമർശനവുമായി നടനും എംഎൽഎയുമായ രമേഷ് പിഷാരടി. മരണവീടുകളിലും കല്യാണവീടുകളിലും മനുഷ്യർ മാനസികമായി തകർന്നുനിൽക്കുന്ന സാഹചര്യങ്ങളിലും ഓൺലൈൻ മാധ്യമങ്ങൾ വാർത്തകളെ ദുരുപയോഗം ചെയ്യരുതെന്നും, ഇത്തരം ചാനലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ തലത്തിൽ ലൈസൻസ് കൊണ്ടുവരുന്നത് മികച്ച തീരുമാനമായിരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ആളുകളുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്ന തരത്തിലാണ് പുതിയ സാങ്കേതികവിദ്യകൾ പലപ്പോഴും ഉപയോഗിക്കപ്പെടുന്നത്. ഹോട്ടലുകളിൽ കുടുംബത്തോടൊപ്പം ഇരിക്കുമ്പോഴോ സാധാരണ രീതിയിൽ വെള്ളം കുടിക്കുമ്പോഴോ പോലും ദൂരത്തുനിന്ന് ദൃശ്യങ്ങൾ പകർത്തി, ‘സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന താരം’ എന്ന രീതിയിൽ തംബ്നെയിലുകൾ നൽകി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നു. ഇത്തരം വാർത്തകൾ സെലിബ്രിറ്റികളെ ജനങ്ങളെക്കൊണ്ട് അനാവശ്യമായി ചീത്ത വിളിപ്പിക്കുന്നതിലേക്കാണ് എത്തിക്കുന്നത്.

തെറ്റായ അടിക്കുറിപ്പുകൾ നൽകി ബോധപൂർവം കമന്റുകൾ വാരിക്കൂട്ടാനും റീച്ച് ഉണ്ടാക്കാനും ചിലർ ശ്രമിക്കുന്നുണ്ടെന്നും, തിരുത്താൻ വരുന്നവർ പോലും ഈ ഡിജിറ്റൽ ട്രാപ്പിൽ വീണുപോവുകയാണെന്നും പിഷാരടി ചൂണ്ടിക്കാട്ടി. ഇത് സിനിമാ താരങ്ങളുടെ മാത്രം പ്രശ്നമല്ല, പ്രശസ്തരായ എല്ലാവരുടെയും വ്യക്തിജീവിതത്തെ ബാധിക്കുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അമ്മ’ സംഘടനയുടെ മീറ്റിംഗിൽ മുഖ്യധാരാ മാധ്യമങ്ങളെ ഒഴിവാക്കി വ്ലോഗർമാർക്കും ഓൺലൈൻ മീഡിയകൾക്കും പ്രവേശനം നൽകിയെന്ന വിവാദത്തോടും അദ്ദേഹം പ്രതികരിച്ചു. അമ്മയുടെ പരിപാടികളുടെ ഷൂട്ടിംഗ് റൈറ്റ്സ് പ്രതിഫലം വാങ്ങി നൽകുന്നത് അതിൽ നിന്നുള്ള വരുമാനം സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടിയാണ്. മീറ്റിംഗിന്റെ ഔദ്യോഗികവും രഹസ്യസ്വഭാവമുള്ളതുമായ ചർച്ചകളിൽ ആരെയും പ്രവേശിപ്പിക്കാറില്ല. പ്രൊമോഷനുകൾ എല്ലാവർക്കും ആവശ്യമാണെന്നും എന്നാൽ വിനോദോപാധികൾക്കപ്പുറം മാധ്യമങ്ങൾ വിവേകപൂർവം പെരുമാറണമെന്നും രമേഷ് പിഷാരടി ഓർമ്മിപ്പിച്ചു.