
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് ഇന്ദ്രജിത് സുകുമാരൻ, ബോബി ഡിയോൾ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ബന്ദർ’ തിയേറ്ററുകളിൽ റിലീസ് ചെയ്തു. 2010-ൽ പുറത്തിറങ്ങിയ ‘ദി വെയ്റ്റിംഗ് റൂം’ എന്ന സിനിമയ്ക്ക് ശേഷം ഇന്ദ്രജിത് അഭിനയിക്കുന്ന ഹിന്ദി ചിത്രമാണിത്. ചില യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം 2025-ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (TIFF) പ്രദർശിപ്പിച്ച് വലിയ ശ്രദ്ധ നേടിയിരുന്നു. സാഫ്രോൺ മാജിക് വർക്‌സിന്റെ ബാനറിൽ നിഖിൽ ദ്വിവേദിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസിന് പിന്നാലെ സംവിധായകൻ അനുരാഗ് കശ്യപിനും സഹനടൻ ബോബി ഡിയോളിനുമൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് ഇന്ദ്രജിത് രംഗത്തെത്തി. താൻ ജോലി ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ളതും സത്യസന്ധനുമായ സഹനടന്മാരിൽ ഒരാളാണ് ബോബി ഡിയോളെന്ന് ഇന്ദ്രജിത് പറഞ്ഞു. ചിത്രത്തിൽ ‘സമീർ മെഹ്‌റ’ എന്ന കഥാപാത്രത്തെയാണ് ബോബി ഡിയോൾ അവതരിപ്പിക്കുന്നത്. ഇത് ബോബി ഡിയോളിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
‘ഗാങ്‌സ് ഓഫ് വസേപൂർ’ കണ്ടത് മുതൽ അനുരാഗ് കശ്യപിനൊപ്പം പ്രവർത്തിക്കുക എന്നത് തന്റെ വലിയൊരു ആഗ്രഹമായിരുന്നുവെന്ന് ഇന്ദ്രജിത് ഫേസ്ബുക്കിൽ കുറിച്ചു. നമ്മൾ എന്തെങ്കിലും തീവ്രമായി ആഗ്രഹിക്കുമ്പോൾ അത് സാധിച്ചെടുക്കാൻ പ്രപഞ്ചം മുഴുവൻ കൂടെയുണ്ടാകുമെന്നത് പോലെയാണ് തനിക്ക് ഈ അവസരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിനിമയെയും ജീവിതത്തെയും കുറിച്ച് ഒരു മാസ്റ്റർക്ലാസ് അനുഭവിച്ചറിഞ്ഞതുപോലെയായിരുന്നു അനുരാഗ് കശ്യപിനൊപ്പമുള്ള ഓരോ നിമിഷവുമെന്നും, ഈ വലിയ പഠനാനുഭവത്തിന് അദ്ദേഹത്തോട് നന്ദിയുണ്ടെന്നും താരം വ്യക്തമാക്കി.
സന്യ മൽഹോത്ര, സബ ആസാദ്, സപ്ന പബ്ബി, രാജ് ബി ഷെട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനോഹരമായൊരു ടീമിനൊപ്പം അത്ഭുതകരമായ കലാകാരന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഏറെ നന്ദിയുണ്ടെന്ന് പറഞ്ഞാണ് ഇന്ദ്രജിത് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.