
ബാലതാരമായി അഭിനയിക്കുന്ന സമയത്ത് ചിത്രീകരണത്തിനിടെ സംവിധായകനില്‍ നിന്ന് തനിക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് നടൻ അർജുൻ. ആജ് കെ ഷോലെ’ എന്ന ഹിന്ദി സിനിമയുടെ സെറ്റില്‍ വെച്ചുണ്ടായ അനുഭവമാണ് എസ്എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവെച്ചത്.
സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിങ്ങില്‍ ഒരു മരണരംഗമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. ആ രംഗത്തില്‍ കരഞ്ഞ് അഭിനയിക്കാന്‍ സംവിധായകന്‍ രാജേന്ദ്ര സിങ് ആവശ്യപ്പെട്ടെങ്കിലും താരത്തിന് അതിന് സാധിച്ചില്ല. ചുറ്റുമുള്ളവര്‍ തമാശ പറഞ്ഞ് ചിരിപ്പിച്ചതോടെ അര്‍ജുന് ചിരി നിയന്ത്രിക്കാനും കഴിഞ്ഞില്ല. ഇതോടെ ദേഷ്യം വന്ന സംവിധായകന്‍ അടുത്ത് വന്ന് കവിളില്‍ ശക്തമായി അടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ അടിയില്‍ കണ്ണ് ചുവന്ന് തനിക്ക് കരച്ചില്‍ വന്നുവെന്നും, സംവിധായകനെ തിരിച്ച് അടിക്കണം എന്ന് തോന്നിയ ഘട്ടത്തില്‍ വരെ കാര്യങ്ങളെത്തിയെങ്കിലും സ്വയം നിയന്ത്രിച്ചുവെന്നും അര്‍ജുന്‍ ഓര്‍ത്തെടുത്തു. ആ അടിയിലൂടെ താന്‍ കരഞ്ഞതോടെ സംവിധായകന്‍ ഉടന്‍ തന്നെ ആ ഷോട്ട് ഒപ്പിയെടുക്കുകയായിരുന്നു.
”സിനിമയുടെ ഷൂട്ടിങ് നടക്കുന്ന ആദ്യദിവസം തന്നെ സംവിധായകനില്‍ നിന്നും ഞാന്‍ അടി വാങ്ങി. അതില്‍ കഥാപാത്രമാകുന്നൊരു പയ്യന്‍ മരിക്കുന്നുണ്ട്. ആ സീന്‍ ആണ് എടുക്കുന്നത്. കരഞ്ഞ് അഭിനയിക്കാന്‍ സംവിധായകന്‍ പറയുന്നുണ്ട്. എനിക്ക് പറ്റുന്നുമില്ല. ഒപ്പമുള്ളവര്‍ ഓരോ തമാശകള്‍ പറഞ്ഞ് ചിരിക്കുന്നുണ്ട്. എനിക്ക് ചിരി നിയന്ത്രിക്കാനും പറ്റുന്നില്ല. സംവിധായകന്‍ അടുത്ത് വന്ന് കവിളില്‍ ഒരൊറ്റ അടി. ഞെട്ടിപ്പോയി. കണ്ണ് ചുവന്ന് കണ്ണീര് വന്നു. ഡയറക്ടറെ അടിക്കണം എന്ന ഘട്ടം വരെ ഞാന്‍ എത്തി. പക്ഷേ എല്ലാം കണ്‍ട്രോള്‍ ചെയ്തു. ഇപ്പോ കറക്ടായി. ഷോട്ട് എടുക്കാന്‍ സംവിധായകന്‍ പറയുകയായിരുന്നു.” അർജുൻ പറഞ്ഞു.
അതേസമയം, ബോക്‌സ് ഓഫീസില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അര്‍ജുന്‍ ഇപ്പോള്‍. അദ്ദേഹം നായകനായ ‘ബ്ലാസ്റ്റ്’ എന്ന ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലുമടക്കം വന്‍ വിജയമായി മുന്നേറുകയാണ്. മികച്ച മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ചിത്രം ഇത്രയും വലിയ വിജയം നേടിയത്. ആദ്യ ദിവസത്തേക്കാള്‍ കൂടുതല്‍ തിയേറ്ററുകളും ഷോകളുമാണ് തുടര്‍ദിവസങ്ങളില്‍ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആക്ഷന്‍ സിനിമകളിലൂടെയാണ് അര്‍ജുന്‍ തരംഗമായതെങ്കിലും ‘റിതം’ പോലുള്ള മെലോഡ്രാമ ചിത്രങ്ങളിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം ഉള്‍പ്പെടെയുള്ള ഇതര ഭാഷാ ചിത്രങ്ങളിലും സജീവമായ അദ്ദേഹം അഭിനയത്തിന് പുറമെ സംവിധായകനായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.