“ഒരു നായികയ്ക്ക് കിട്ടാവുന്ന ഏറ്റവും വിലയേറിയ അപമാനം”; പെദ്ധിയുടെ വിമർശനങ്ങളെ പിന്തുണച്ച് ജാൻവി കപൂർ

','

' ); } ?>

രാം ചരൺ നായകനായെത്തിയ പുതിയ ചിത്രം ‘പെദ്ദി’യിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെയുള്ള വിമർശനങ്ങളെ പിന്തുണച്ച് നായിക ജാൻവി കപൂർ. ചിത്രത്തിലെ നായിക കഥാപാത്രത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ‘റെക്കമൻഡേഷൻ കമ്മ്യൂണിറ്റി’ എന്ന ഇൻസ്റ്റഗ്രാം പേജിട്ട പോസ്റ്റിന് ജാൻവി ലൈക്ക് ചെയ്തതോടെയാണ് നടിയുടെ നിലപാട് പരസ്യമായത്. 350 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച ഈ ചിത്രം ഇന്ത്യൻ സിനിമയിലെ ഒരു നായികയ്ക്ക് ലഭിക്കുന്ന “ഏറ്റവും വിലയേറിയ അപമാനമാണെന്നാണ്” ഈ പോസ്റ്റിൽ ആരോപിക്കുന്നത്.

പോസ്റ്റ്-പ്രൊഡക്ഷൻ സമയത്ത് ജാൻവി കപൂർ ഇത്തരം രംഗങ്ങളെ ചോദ്യം ചെയ്തിരുന്നുവെങ്കിലും നടിയുടെ എതിർപ്പുകൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ, ബോക്സ് ഓഫീസ് ലാഭം മാത്രം ലക്ഷ്യം വെച്ച് സംവിധായകൻ ഈ രംഗങ്ങൾ സിനിമയിൽ നിലനിർത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ജാൻവി ലൈക്ക് ചെയ്തതോടെ നടിയുടെ ഈ ശക്തമായ നിലപാടിനെ പിന്തുണച്ച് ഇപ്പോൾ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്.

ജൂൺ നാലിന് തിയറ്ററുകളിലെത്തിയ ‘പെദ്ദി’ക്ക് നിലവിൽ സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ റാം ചരണിന്റെ പ്രകടനത്തെ നിരവധി പേർ പ്രശംസിക്കുന്നുണ്ടെങ്കിലും ജാൻവി കപൂറിന് വലിയ രീതിയിലുള്ള ട്രോളുകളും പരിഹാസങ്ങളുമാണ് നേരിടേണ്ടി വരുന്നത്. ജാൻവി അവതരിപ്പിച്ച ‘അച്ചിയമ്മ’ എന്ന കഥാപാത്രത്തെ വളരെ മോശമായാണ് സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്നും നായകൻ നടത്തുന്ന അതിക്രമങ്ങളെ പ്രണയമായി ന്യായീകരിക്കുന്നുവെന്നുമാണ് അണിയറപ്രവർത്തകർക്കെതിരെയുള്ള പ്രധാന ആരോപണം.

നായകനായ റാം ചരണിന്റെ കഥാപാത്രത്തിന് കൃത്യമായ സാമൂഹിക- രാഷ്ട്രീയ ലക്ഷ്യങ്ങൾ നൽകുമ്പോൾ, നായികയെ കേവലം ഒരു ഉപഭോഗവസ്തുവായി മാത്രമാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ജാൻവി കപൂറിന്റെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കാനാണ് സംവിധായകൻ കൂടുതൽ ശ്രദ്ധ നൽകിയതെന്നും വിമർശനമുണ്ട്. മനുഷ്യന്റെ സ്വത്വത്തെ നിഷേധിക്കുന്നതിനെ ഒരു വ്യവസ്ഥാപിത തിന്മയായി സിനിമ വിമർശിക്കുമ്പോഴും, നായികയായ അച്ചിയമ്മയ്ക്ക് യാതൊരുവിധ മാനുഷിക പരിഗണനയും സിനിമ നൽകുന്നില്ല എന്ന വൈരുദ്ധ്യവും പ്രേക്ഷകർ ചോദ്യം ചെയ്യുന്നു.

നായികയുടെ സമ്മതമില്ലാതെ സ്പർശിക്കുമെന്ന് പറയുന്നതും വൈദ്യുതി പോകുന്ന സമയത്ത് ബലമായി ചുംബിക്കുന്നതുമായ അതിക്രമരംഗങ്ങൾ സംവിധായകൻ ‘പ്രണയമായാണ്’ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. അതിക്രമത്തിന് ശേഷം നായിക കരയുമ്പോൾ, അവളുടെ പിതാവിന്റെ രാഷ്ട്രീയ ഭാവി ഓർത്ത് ഈ സംഭവം മറന്നേക്കാൻ മറ്റൊരു പുരുഷ കഥാപാത്രം ആവശ്യപ്പെടുന്നതുമെല്ലാം കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിനിമയിലെ നായിക കൂടിയായ ജാൻവി കപൂർ തന്നെ വിമർശകർക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.