
മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കഥയിലെ ആശയക്കുഴപ്പം കാരണം നിർത്തിവെച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി സംവിധായകൻ തരുൺ മൂർത്തി. സിനിമയുടെ ചിത്രീകരണം തടസ്സമില്ലാതെ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
ചില ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിച്ച അസത്യ പ്രചാരണങ്ങൾക്ക് എതിരെയാണ് സംവിധായകൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. തൊടുപുഴയിൽ കഴിഞ്ഞ 78 ദിവസങ്ങളായി സിനിമയുടെ ചിത്രീകരണം സജീവമായി നടന്നുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മഴയും മോശം കാലാവസ്ഥയും കാരണം ചെറിയ രീതിയിലുള്ള പ്രതിസന്ധികൾ നേരിടുന്നുണ്ടെങ്കിലും ഷൂട്ടിങ് വളരെ ഭംഗിയായി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും തരുൺ മൂർത്തി അറിയിച്ചു.
‘തുടരും’ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന ഈ പ്രോജക്റ്റിനായി വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. ചിത്രത്തിൽ ‘ലവ് ലജൻ’ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലും മീര ജാസ്മിനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നേരത്തെ പുറത്തുവന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പ്രേക്ഷകരിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.