“അവസരവാദി, സ്വാർത്ഥൻ”; ആർ ജെ ബാലാജിയുടെ ഇരട്ടത്താപ്പിനെതിരെ സോഷ്യൽ മീഡിയ

','

' ); } ?>

സൂര്യതൃഷ ചിത്രംകറുപ്പ്തമിഴ് നാട് മുഖ്യമന്ത്രി വിജയ്ക്ക് വേണ്ടി എഴുതിയതാണെന്ന ആർ ജെ ബാലാജിയുടെ പ്രസ്താവന വിവാദത്തിൽ. റിലീസിന് മുൻപ് വരെ ‘കറുപ്പ്’ ഒരു ഒറിജിനൽ സൂര്യ ചിത്രമാണെന്ന് ആവർത്തിച്ചു വ്യക്‌തമാക്കുകയും, എന്നാൽ സിനിമ വൻ വിജയമായതോടെ ചിത്രത്തിന് തുടക്കമിട്ടത് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആണെന്ന് വെളിപ്പെടുത്തിയതുമാണ് സൂര്യ ആരാധകരെ ചൊടിപ്പിച്ചത്. ചിത്രം ആഗോളതലത്തിൽ 300 കോടി ക്ലബ്ബിൽ ഇടംനേടി വൻ വിജയമായി കുതിക്കുന്നതിനിടെ വിജയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ട് “കറുപ്പ് എന്ന സിനിമയ്ക്ക് തുടക്കമിട്ട വ്യക്‌തിക്കൊപ്പം!” എന്ന് ബാലാജി കുറിച്ചിട്ടുണ്ട്.

“കറുപ്പ് എന്ന സിനിമയ്ക്ക് തുടക്കമിട്ട വ്യക്‌തിക്കൊപ്പം! ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് സാറിനെ കാണാൻ കഴിഞ്ഞത് വിശ്വസിക്കാനാകാത്ത അനുഭവമാണ്. എല്ലാത്തിനും നന്ദി വിജയ് സർ,” എന്നായിരുന്നു ബാലാജിയുടെ വാക്കുകൾ.

വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന ചിത്രമായിട്ടാണ് ‘കറുപ്പ്’ ആദ്യം വിഭാവനം ചെയ്തതെന്നും, തിരക്കഥ കൂടുതൽ മെച്ചപ്പെടുത്താൻ വിജയ് നൽകിയ നിർദ്ദേശങ്ങൾ വലിയ പങ്കുവഹിച്ചുവെന്നും തുടർന്ന് നൽകിയ അഭിമുഖങ്ങളിൽ ബാലാജി തുറന്നുപറഞ്ഞു. ഇതോടെയാണ് സംവിധായകന്റെ ഇരട്ടത്താപ്പിനെതിരെ സൂര്യ ആരാധകരും സിനിമാ പ്രേമികളും കൂട്ടത്തോടെ രംഗത്തിറങ്ങിയത്.

കാരണം, മേയ് 15-ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നതിന് മുൻപുള്ള പ്രമോഷൻ ഘട്ടങ്ങളിലെല്ലാം ഈ തിരക്കഥ സൂര്യയ്ക്ക് വേണ്ടി മാത്രം എഴുതിയതാണെന്ന് ആർ.ജെ. ബാലാജി ഉറപ്പിച്ചു പറഞ്ഞിരുന്നു. ചിത്രീകരണ വേളയിൽ ഉയർന്ന സാമ്പത്തിക പ്രതിസന്ധികളിലോ പ്രതിഫല കുടിശ്ശികയുമായി ബന്ധപ്പെട്ട തർക്കങ്ങളിലോ വിജയ്‌യുടെ പേര് ഒരിടത്തും പരാമർശിക്കപ്പെട്ടിരുന്നില്ല. ‘ഇളന്താര 26’ കൾച്ചറൽ ഈവൻ്റിലടക്കം, വിജയ്ക്ക് വേണ്ടിയാണ് ഈ സിനിമ ഒരുങ്ങുന്നതെന്ന വാർത്തകളെ ‘വെറും കിംവദന്തികൾ’ എന്ന് തള്ളിക്കളഞ്ഞ ബാലാജി, സൂര്യയെയല്ലാതെ മറ്റൊരു നടനെയും താൻ മനസ്സാ വിചാരിച്ചിട്ടുപോലുമില്ലെന്നാണ് അന്ന് ആവർത്തിച്ചത്.

സിനിമ സൂപ്പർഹിറ്റാവുകയും വിജയ് രാഷ്ട്രീയത്തിൽ വൻ വിജയം നേടി മുഖ്യമന്ത്രിയാവുകയും ചെയ്തപ്പോൾ ക്രെഡിറ്റ് മുഴുവൻ അദ്ദേഹത്തിന് കൊടുക്കാൻ കാണിച്ച സംവിധായകന്റെ ഈ പെട്ടെന്നുള്ള ‘യു-ടേൺ’ കടുത്ത അവസരവാദമാണെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം. എന്നാൽ, റിലീസിന് മുൻപ് സൂര്യ എന്ന മുൻനിര നായകന്റെ താരമൂല്യത്തെ ബാധിക്കാതിരിക്കാനും സിനിമയുടെ ബിസിനസ്സ് സുഗമമാക്കാനുമാണ് ബാലാജി അന്ന് സത്യം മറച്ചുവെച്ചതെന്ന ന്യായീകരണവുമായി ഒരു വിഭാഗം സിനിമാ നിരീക്ഷകർ രംഗത്തുണ്ട്. എന്തുതന്നെയായാലും, ഈ ‘വാക്ക് മാറ്റം’ തമിഴ് സിനിമാ-രാഷ്ട്രീയ വൃത്തങ്ങളിൽ ഇപ്പോൾ കടുത്ത വാദപ്രതിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്.