“കറുപ്പിലും വെളുപ്പിലുമായിരുന്ന എന്നെ കളറാക്കി തന്ന പ്രിയ മമ്മുക്ക”; മമ്മൂട്ടിയുടെ സ്നേഹ സമ്മാനം പങ്കുവെച്ച് ജോയ് മാത്യു

','

' ); } ?>

 

കാൻ ചലച്ചിത്രമേളയിൽ ‘അമ്മ അറിയാൻ’ പ്രദർശനത്തിനെത്തിയ പിന്നാലെ നടൻ ജോയ് മാത്യുവിന് സ്നേഹ സമ്മാനം നൽകി നടൻ മമ്മൂട്ടി. പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ‘അമ്മ അറിയാൻ’ എന്ന സിനിമയിലെ ജോയ് മാത്യുവിന്റെ ഒരു രംഗം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മമ്മൂട്ടി കളറാക്കി ജോയ് മാത്യുവിന് നൽകിയിരിക്കുകയാണ്.

ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് “കറുപ്പിലും വെളുപ്പിലുമായിരുന്ന എന്നെ കളറാക്കി തന്ന പ്രിയ മമ്മുക്ക” എന്ന് ജോയ് മാത്യു കുറിക്കുകയും ചെയ്തു. മമ്മൂട്ടിയുടെ ഈ സ്നേഹസമ്മാനവും അദ്ദേഹത്തിന്റെ സാങ്കേതികവിദ്യയിലുള്ള അറിവും ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സാങ്കേതിക കാര്യങ്ങളിൽ മമ്മൂട്ടി പണ്ടേ ‘കില്ലാഡി’ ആണെന്ന് അഭിപ്രായപ്പെടുന്നവരും ഈ അപൂർവ്വ സൗഹൃദ സമ്മാനത്തെ പ്രശംസിക്കുന്നവരുമായി നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.

1986-ൽ ജോൺ എബ്രഹാം സംവിധാനം ചെയ്ത് ലോകശ്രദ്ധ നേടിയ ‘അമ്മ അറിയാൻ’ എന്ന മലയാള ചലച്ചിത്രം 2026-ലെ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചത് വലിയ വാർത്തയായിരുന്നു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ 4K പതിപ്പിലേക്ക് റീസ്റ്റോറേഷൻ ചെയ്ത ഈ ചിത്രം, ഇത്തവണത്തെ കാൻ മേളയിലെ ഏക ഇന്ത്യൻ എൻട്രിയെന്ന ബഹുമതിയോടെയാണ് മെയ് 16-ന് പ്രദർശിപ്പിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനും സംവിധായകനുമായ ജോയ് മാത്യു, ഛായാഗ്രാഹകൻ വേണു, എഡിറ്റർ ബീനാപോൾ എന്നിവരും കാനിൽ ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. മേക്കിങ്ങിലും പ്രകടനത്തിലും കാനിൽ അടക്കം വലിയ കയ്യടി നേടിയ ചിത്രം വീണ്ടും ആഗോളതലത്തിൽ ചർച്ചയാകുന്ന പശ്ചാത്തലത്തിലാണ് നടൻ ജോയ് മാത്യുവിനെ തേടി മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു സ്നേഹസമ്മാനം എത്തിയത്.