“14 മാസത്തിനിടെ 4 ചിത്രങ്ങൾ, വാരി കൂട്ടിയത് 800 കോടി”; ചരിത്ര റെക്കോർഡിട്ട് മോഹൻലാൽ

','

' ); } ?>

മലയാള സിനിമാ ബോക്‌സ് ഓഫീസിന്റെ ചരിത്ര റെക്കോർഡുകൾ തിരുത്തിക്കുറിച്ചു കൊണ്ട് നടൻ മോഹൻലാലിന്റെ സമാനതകളില്ലാത്ത കുതിപ്പ്. കഴിഞ്ഞ വെറും 14 മാസത്തിനിടെ റിലീസ് ചെയ്ത നാല് ചിത്രങ്ങളിൽ നിന്ന് മാത്രമായി 800 കോടിയിലധികം രൂപയാണ് താരം ബോക്‌സ് ഓഫീസിൽ നിന്ന് വാരികൂട്ടിയത്. 50 കോടിയും 100 കോടിയും കടന്ന് 200 കോടി ക്ലബുകൾ പോലും മോഹൻലാൽ ചിത്രങ്ങൾക്ക് ഇപ്പോൾ ഒരു സാധാരണ കാര്യമായി മാറിയിരിക്കുകയാണ്.

2025 മാർച്ച് മുതൽ 2026 മേയ് വരെയുള്ള ചുരുങ്ങിയ കാലയളവിലാണ് ഈ ചരിത്ര നേട്ടം. ആഗോള കളക്ഷനിൽ 266 കോടി രൂപ നേടിയ ‘എമ്പുരാൻ’ ആണ് ഈ കുതിപ്പിന് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ഏപ്രിലിൽ എത്തിയ ‘തുടരും’ 234 കോടിയും, ഓണം റിലീസായിരുന്ന ‘ഹൃദയപൂർവ്വം’ 75 കോടിയും സ്വന്തമാക്കി. ഒടുവിൽ 2026 മേയ് 21-ന് തിയേറ്ററുകളിലെത്തി നിലവിൽ വിജയകരമായി പ്രദർശനം തുടരുന്ന ‘ദൃശ്യം 3’ ഇതിനോടകം തന്നെ 233 കോടി രൂപ നേടിക്കഴിഞ്ഞു. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോഴും മികച്ച തിയേറ്റർ ഒക്യുപെൻസിയോടെയാണ് ഈ ചിത്രം മുന്നേറുന്നത്. ബോക്‌സ് ഓഫീസിലെ ഈ കുതിപ്പ് തെന്നിന്ത്യൻ സിനിമയിൽ മോഹൻലാൽ എന്ന ബ്രാൻഡിന്റെ ജനപ്രീതി അടിവരയിടുന്നതാണ്.

വരും വർഷങ്ങളിലും സിനിമാ പ്രേമികളെ ആവേശത്തിലാക്കുന്ന വൻ പ്രോജക്ടുകളാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ‘തുടരും’ എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ഏറെ നാളുകൾക്ക് ശേഷം താരം പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ഇതിന് പുറമെ പ്രമുഖ സംവിധായകരായ ചിദംബരം, ദിലീഷ് പോത്തൻ എന്നിവരുടെ പുതിയ ചിത്രങ്ങളും ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സൂപ്പർതാര ചിത്രങ്ങളിലെ അതിഥി വേഷങ്ങളിലൂടെയും വരും ദിവസങ്ങളിൽ മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിലെത്തും. രജനികാന്ത് ചിത്രം ‘ജയിലർ 2’, കൂടാതെ ‘ഖലീഫ’, ‘തുടക്കം’ എന്നീ സിനിമകളിൽ താരം കാമിയോ റോളുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കത്തനാർ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ ‘മാർ ആബോ’ എന്ന ശ്രദ്ധേയമായ അതിഥി കഥാപാത്രമായും മോഹൻലാൽ എത്തുമെന്നാണ് സൂചനകൾ. ചുരുക്കത്തിൽ, വരും വർഷങ്ങളിലും മലയാള സിനിമയിലെ തന്റെ സിംഹാസനം കൂടുതൽ ഭദ്രമാക്കാനുള്ള ഒരുക്കത്തിലാണ് മോഹൻലാൽ.