
നടനും തമിഴ് നാട് മുഖ്യമന്ത്രിയുമായ വിജയ്കാരണം തന്റെ ആദ്യത്തെ കുഞ്ഞിനെ തനിക്ക് നഷ്ടമായിപ്പോയെന്ന് നടി ജൂലി. വിജയ് ആരാധകരും ടിവികെയുടെ പ്രവര്‍ത്തകരും നടത്തിയ സൈബര്‍ ആക്രമണങ്ങളെ തുടര്‍ന്ന് തന്റെ ഗര്‍ഭം അലസിപോയെന്നാണ് ജൂലിയുടെ വെളിപ്പെടുത്തൽ. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായും ജൂലി പറയുന്നു.
”ഞങ്ങളുടെ കുഞ്ഞിനെ നഷ്ടമായി. ഞാന്‍ വിവാഹം കഴിച്ചേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ നഷ്ടമായി. ഓണ്‍ലൈനില്‍ നേരിടേണ്ടി വന്ന കടുത്ത അപവാദങ്ങള്‍ മൂലമുണ്ടായ മാനസിക സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് കുഞ്ഞിനെ നഷ്ടമായത്. ഇത് സിമ്പതിയ്ക്ക് വേണ്ടി പറയുന്നതല്ല. എന്നേയും ഭര്‍ത്താവിനേയും അപകീര്‍ത്തിപ്പെടുത്തുകയാണ്. ടിവികയ്ക്കെതിരെ ഒരു സ്ത്രീ സംസാരിച്ചുവെന്ന് കരുതി, അവളുടെ പേര് ചീത്തയാക്കുകയാണ്. എനിക്കൊന്നും പറയാനില്ല.” ജൂലി പറയുന്നു.
”എന്റെ കുഞ്ഞിനെ നഷ്ടാകാന്‍ കാരണം വിജയ് അണ്ണന് ആണ്. അദ്ദേഹം നേരിട്ടത് ചെയ്തിട്ടുണ്ടാകില്ല. പക്ഷെ അദ്ദേഹം ഒരു വാക്ക് പറഞ്ഞിരുന്നുവെങ്കില്‍, അവരോട് പിന്മാറാന് പറഞ്ഞിരുന്നുവെങ്കില്‍, ഇന്ന് എനിക്ക് എന്റെ കുഞ്ഞിനെ നഷ്ടമാകില്ലായിരുന്നു.” ജൂലി കൂട്ടിച്ചേർത്തു.
മാര്‍ച്ചില്‍ താന്‍ പൊലീസിനെ കാണുകയും എട്ട് പേര്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ടിവികെ അധികാരത്തിലേറിയതിന് ശേഷം തന്റേത് ക്രിമിനല്‍ കേസല്ലെന്നും സിവില്‍ കേസാണെന്നും ചൂണ്ടിക്കാണിച്ച് പൊലീസ് നോട്ടീസ് അയച്ചതായാണ് ജൂലി പറയുന്നത്. തനിക്കെതിരെ 15 ലക്ഷത്തിന്റെ കിഡ്നി തട്ടിപ്പ് കേസ് ആരോപിക്കപ്പെടുന്നതായും ജൂലി പറയുന്നു. ഇതിനെല്ലാം പിന്നില്‍ ഒരു ടിവികെ പ്രവര്‍ത്തകനും അഭിഭാഷകനുമാണെന്നും താരം ആരോപിക്കുന്നു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു ജൂലി. വിജയ്ക്കും ടിവികെയ്ക്കുമെതിരെയുള്ള വിമര്‍ശനങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ താരമാണ് ജൂലി എന്ന മരിയ ജൂലിയാന. വിജയ് യേയും തൃഷയേയും കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളുടെ പേരിലും ജൂലിയാന വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മുഖ്യമന്ത്രിയായി വിജയ് അധികാരത്തിലേറിയപ്പോഴും ജൂലിയാന വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.