“മുഖ്യമന്ത്രിയല്ല, നടൻ”;മാനേജരുടെ ഗൃഹപ്രവേശത്തിന് വേഷ്ടിയും ഷർട്ടും ധരിച്ചെത്തി വിജയ്

','

' ); } ?>

മാനേജരും നിർമാതാവുമായ ജഗദീഷ് പളനിസ്വാമിയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ നേരിട്ടെത്തി ആശംസകൾ അറിയിച്ച് വിജയ്. കഴിഞ്ഞ പത്തു വർഷത്തോളമായി വിജയ്‍യുടെ മാനേജരായി ഒപ്പമുള്ള ജഗദീഷിന്റെ ചെന്നൈയിലെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായാണ് അദ്ദേഹം എത്തിയത്. പരമ്പരാഗത ശൈലിയിൽ സിൽക്ക് ഷർട്ടും വേഷ്ടിയും ധരിച്ചെത്തിയ വിജയ്‍യുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സിനിമയിൽനിന്ന് രാഷ്ട്രീയത്തിലേക്കും പിന്നീട് മുഖ്യമന്ത്രിപദത്തിലേക്കും എത്തിയതോടെ വിജയ് തന്റെ വസ്ത്രധാരണ രീതികളിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്തെ വെള്ള ഷർട്ടും പാന്റും, മുഖ്യമന്ത്രിയായ ശേഷമുള്ള സ്ഥിരമായ കറുപ്പ് സ്യൂട്ട് ലുക്കുമെല്ലാം രാഷ്ട്രീയത്തിനപ്പുറം വലിയ ചർച്ചകൾക്ക് വഴിവെച്ചതാണ്. എന്നാൽ, ഈ ഔദ്യോഗിക ലുക്കുകളിൽ നിന്നെല്ലാം മാറി, തികച്ചും ലളിത വേഷത്തിലാണ് വിജയ് തന്റെ പ്രിയപ്പെട്ട മാനേജറുടെ കുടുംബച്ചടങ്ങിൽ പങ്കെടുത്തത്. നടൻ കതിരും വിജയ്‍ക്കൊപ്പമുണ്ടായിരുന്നു.

വീട്ടിലെത്തിയ വിജയ്‍യെ കൈകൂപ്പി സ്വീകരിച്ച ജഗദീഷിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ ആലിംഗനം ചെയ്താണ് സന്തോഷം പങ്കിട്ടത്. വിജയ്‍യുടെ സാന്നിധ്യം കുടുംബാംഗങ്ങളിൽ ഉണ്ടാക്കിയ വലിയ ആവേശവും വീഡിയോകളിൽ വ്യക്തമാണ്.

വിജയ്‍യുടെ മാനേജർ എന്നതിനപ്പുറം തമിഴ് സിനിമാ ലോകത്ത് പ്രമുഖ നിർമാതാവ് കൂടിയാണ് ജഗദീഷ് പളനിസ്വാമി. വിജയ്‍യെ നായകനാക്കി ‘മാസ്റ്റർ’, ‘ലീയോ’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ നിർമിച്ച അദ്ദേഹം, വിജയ് സേതുപതിയുടെ ‘മഹാരാജ’, കീർത്തി സുരേഷിന്റെ ‘റിവോൾവർ റീത്ത’ എന്നീ സിനിമകളുടെയും നിർമാതാവാണ്. കൂടാതെ പ്രമുഖ ആർട്ടിസ്റ്റ് മാനേജ്മെന്റ് കമ്പനിയായ ‘റൗട്ടിന്റെ’ സ്ഥാപകൻ കൂടിയാണ് ജഗദീഷ്.