
കഴിഞ്ഞ ദിവസം ‘അമ്മ ഭാരവാഹികൾക്കെതിരെ പരാതി നൽകിയ ‘അതുല്യയുടെ കൂടുതൽ ശബ്‌ദസന്ദേശം പുറത്തുവരുമെന്ന് വെളിപ്പെടുത്തി നടി മാലാ പാർവതി. സിനിമാ മേഖല രണ്ടോ മൂന്നോ ഭാഗമായി തിരിഞ്ഞ് പലരോടൊപ്പം നിൽക്കുകയാണെന്നും, ‘ജിഹാദി എന്ന് വിളിച്ചതിനും വർഗീയവത്കരണം നടത്തിയതിനും കൃത്യമായ തെളിവുണ്ടെന്നും മാലാ പാർവതി പറഞ്ഞു.
‘അതുല്യയുടെ കൂടുതൽ ശബ്‌ദസന്ദേശം പുറത്തുവരും. അതുല്യ പറഞ്ഞ ഭാഷ്യത്തിന് പുറമേ വലിയ ആരോപണങ്ങൾ ഉള്ള മറ്റ് ശബ്‌ദസന്ദേശങ്ങൾ രണ്ടുദിവസത്തിനകം പുറത്തുവരുമായിരിക്കും.എല്ലാവരേയും പിരിച്ചുവിടണമെന്നത് ഞാൻ ആദ്യത്തെ ദിവസം തന്നെ പറഞ്ഞ കാര്യമാണ്. അൻസിബയുടെ പരാതി കേൾക്കാൻ ഒരു സമിതിയുണ്ടാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ആ സമിതിയിൽ എന്റെ പേരുൾപ്പെടെ അൻസിബ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അൻസിബയുടെ അറിവില്ലായ്‌മകൊണ്ട് പറഞ്ഞതാണ്. ഞാൻ അൻസിബയെ ശക്തമായി പിന്തുണച്ച് ഒപ്പം നിൽക്കുന്ന ആളാണ്.
അങ്ങനെ ശക്തമായ നിലപാട് എടുത്തവരൊന്നും നിഷ്‌പക്ഷമായ സമിതിയിൽ വരരുത്. രമേഷ് പിഷാരടിയും ധ്യാൻ ശ്രീനിവാസനും ന്യായമേ പറയുകയുള്ളൂ എന്ന വിശ്വാസത്തിലാവാം അവരുടെ പേര് പറഞ്ഞത്. സത്യം പറഞ്ഞാൽ, സിനിമാ മേഖലയിൽനിന്നുള്ള ഒരാളെപ്പോലും ആ സമിതിയിൽ ഉൾപ്പെടുത്തരുത്. സിനിമാ മേഖല തന്നെ രണ്ടോ മൂന്നോ ഭാഗമായി തിരിഞ്ഞ് പലരോടൊപ്പം നിൽക്കുകയാണ്. നിഷ്പക്ഷമായ സമിതിയാണ് അൻസിബയുടെ പരാതി കേൾക്കേണ്ടത്.’ മാലാ പാർവതി പറഞ്ഞു.
‘തമ്മിലുള്ള വഴക്കാണ്, പ്രശ്‌നങ്ങൾ അറിയില്ല എന്ന് സിനിമാ മന്ത്രി പറയുന്നതു കേട്ടു. ഇത് സിനിമയെ ബാധിക്കുന്ന വിഷയമാണ്. അതിനുള്ളിൽ നടക്കുന്നത് അങ്ങേയറ്റം ഗുരുതരമായ പ്രശ്‌നങ്ങളാണ്. അതുല്യയുടെ വോയിസ് ക്ലിപ്പോടെ പ്രശ്‌നങ്ങൾ തീരില്ല. അതിനപ്പുറത്തേക്കും പോകാനുണ്ട്. പാതിവെന്ത അറിവുകൾകൊണ്ട് സംസാരിക്കരുത്. അതുല്യയുടേയും അൻസിബയുടേയും നീനാ കുറുപ്പിന്റേയും പരാതിയിൽ പരിഹാരമുണ്ടാവണം.
ജിഹാദി എന്ന് വിളിച്ചതിനും വർഗീയവത്കരണം നടത്തിയതിനും കൃത്യമായ തെളിവുണ്ട്. അതുകൊണ്ടാണ് ഞാൻ അൻസിബയോടൊപ്പം നിൽക്കുന്നു എന്ന് ഉറപ്പുപറഞ്ഞത്. രാജീവ് കുടപ്പനക്കുന്നും മകനും ഭീഷണിക്കോ പ്രേരണയ്ക്കോ വഴങ്ങി, അൻസിബ പറഞ്ഞിട്ടാണ് നോമ്പെടുത്തത് എന്ന് പറഞ്ഞിരുന്നെങ്കിൽ അവളുടെ അവസ്ഥ വളരേ മോശമായിപ്പോയേനെ.
തൊഴിൽ പീഡന ആരോപണം ഗൗരവമുള്ളതാണ്. മറ്റ് വിഷയങ്ങൾ ബാലിശമാണ്. തമ്മിൽത്തല്ലും ചക്കളത്തിപ്പോരും വലിയ നാണക്കേടാണ്. സിനിമാക്കാർ ചർച്ച ചെയ്‌താൽ പ്രശ്‌നത്തിന് പരിഹാരമാവില്ല. നിഷ്പക്ഷമായ സമിതിയുണ്ടാക്കി, എല്ലാവരേയും കേട്ട് വലിയ കുറ്റംചെയ്തവർക്ക് ആജീവനാന്തം വിലക്ക് കൽപ്പിക്കണം. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഉൾപ്പെടെ വിലക്കണം. എല്ലാവർക്കുമെതിരേ നടപടിയുണ്ടാവണം.’ മാലാ പാർവതി കൂട്ടിച്ചേർത്തു.