‘അത്തരത്തിലുള്ള നല്ല സംഭാഷണങ്ങൾ നടക്കട്ടെ’; മമ്മൂട്ടി ചിത്രത്തെ കുറിച്ച് ശാന്തി മായാദേവി

','

' ); } ?>

മമ്മൂട്ടിയുടെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് നടി ശാന്തി മായാദേവിയാണെന്ന തരത്തിലുള്ള വാർത്തകളിൽ പ്രതികരിച്ച് ശാന്തി മായാദേവി. ‘അത്തരത്തിലുള്ള നല്ല സംഭാഷങ്ങൾ നടക്കട്ടെയെന്നും, പക്ഷെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണെന്നും ശാന്തി പറഞ്ഞു. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘അത്തരത്തിലുള്ള നല്ല സംഭാഷങ്ങൾ നടക്കട്ടെ, നടക്കണം എന്നാണ് ആഗ്രഹം. ഞാനും വളരെ ആകാംക്ഷയിലാണ്. പക്ഷെ സിനിമയെ ഉറപ്പിച്ച് പറയാൻ ആയിട്ടില്ല. ഇപ്പോഴും ചർച്ചയിലാണ്.’ ശാന്തി മായാദേവി പറഞ്ഞു.

ഒരു നവാഗത സംവിധായികയുടെ ചിത്രത്തിൽ മമ്മൂട്ടി നായകനായി എത്താനൊരുങ്ങുകയാണ് എന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഒരു പ്രശസ്ത നടിയാണ് സംവിധാനത്തിലേക്ക് കടക്കുന്നത് എന്നും റിപ്പോർട്ടുകളിലുണ്ടായിരുന്നു. ഇതിന് പിന്നാലെ പാർവതി തിരുവോത്ത് സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രത്തിലാണ് മമ്മൂട്ടി ലീഡ് റോൾ ചെയ്യുന്നതായി ചിലരുടെ കണക്കുക്കൂട്ടലുകൾ. സംവിധായികയാകാനുള്ള തയ്യാറെടുപ്പിലാണെന്നും തിരക്കഥയും മറ്റും പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ പാർവതി പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പാർവതിയാകാം മമ്മൂട്ടി ചിത്രത്തിന്റെ സംവിധായിക എന്ന രീതിയിൽ ചർച്ചകൾ നടന്നത്.

എന്നാൽ പാർവതിയില്ല ശാന്തി മായാദേവിയാണ് ഈ നവാഗത സംവിധായിക എന്നായി പിന്നീട് സിനിമാവൃത്തങ്ങളിൽ നിന്നുള്ള വാർത്തകൾ. ജീത്തു ജോസഫ് സംവിധാനം ചെയ്ത കോർട്ട് റൂം ഡ്രാമ നേര്, ദൃശ്യം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് ശാന്തി മായാദേവി. നേര് സിനിമയുടെ തിരക്കഥാ രചനയിലും ശാന്തി ഭാഗമായിരുന്നു. കളങ്കാവൽ സിനിമയുടെ ഭാഗമായി മമ്മൂട്ടി കമ്പനി നടത്തിയ പ്രമോഷൻ അഭിമുഖത്തിൽ മമ്മൂട്ടിയെ അഭിമുഖം ചെയ്തതും ശാന്തി മായാദേവി ആയിരുന്നു.

അതേസമയം, അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പദയാത്ര, നിതീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന ചിത്രം, ഖാലിദ് റഹ്‌മാൻ ഒരുക്കുന്ന മട്ടാഞ്ചേരി മാഫിയ, ക്യൂബ്‌സ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന ചിത്രം എന്നിവയാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.