
സംവിധാനത്തിലും അഭിനയത്തിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന ബേസിൽ ജോസഫിന്റെ പുതിയ മേക്കോവർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ‘അതിരടി’ എന്ന ചിത്രത്തിലെ കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിനായി താരം നടത്തിയ ബോഡി ട്രാൻസ്ഫർമേഷൻ ആരാധകരെപ്പോലും ഞെട്ടിച്ചിരുന്നു. വണ്ണം കുറച്ച് കൂടുതൽ ചെറുപ്പമായതോടെ താനും നസ്ലെനും സന്ദീപ് പ്രദീപുമൊക്കെ ഇപ്പോൾ ഒരേ പ്രായക്കാരുടെ ഗ്രൂപ്പിലായെന്ന ബേസിലിന്റെ മുൻപത്തെ തമാശ വലിയ രീതിയിൽ ട്രെൻഡിങ് ആയിരുന്നു. ഇപ്പോഴിതാ ബേസിലിന്റെ ഈ പുത്തൻ ലുക്കിനെക്കുറിച്ച് സംസാരിക്കുകയാണ് യുവനടൻ നസ്ലെൻ. ജിഞ്ചർ മീഡിയക്ക് നൽകിയ പുതിയ അഭിമുഖത്തിലാണ് നസ്ലെൻ മനസ്സുതുറന്നത്.
തങ്ങൾക്കിടയിലെ സൌഹൃദത്തെക്കുറിച്ചും ബേസിലിന്റെ മാറ്റത്തെക്കുറിച്ചും നസ്ലെൻ വാചാലനായി. ബേസിലേട്ടനും താനും പരസ്പരം സ്ഥിരമായി മെസ്സേജുകൾ അയക്കാറുണ്ടെന്നും ചില അഭിമുഖങ്ങളിൽ തനിക്കൊപ്പം സമയം ചെലവഴിക്കുന്നതിനെക്കുറിച്ച് ബേസിൽ സംസാരിച്ച കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും നസ്ലെൻ വ്യക്തമാക്കി. ബേസിലേട്ടൻ ഇപ്പോൾ പതിയെ തങ്ങളുടെ ഒരു ഏജ് ഗ്രൂപ്പിലേക്ക് എത്തിക്കഴിഞ്ഞുവെന്നും എന്നാൽ അദ്ദേഹത്തിന്റെ പുതിയ ലുക്ക് കണ്ടപ്പോൾ തനിക്ക് ചെറിയ അസൂയ തോന്നിയെന്നും താരം ചിരിച്ചുകൊണ്ട് പറഞ്ഞു. ലുക്ക് കണ്ട ഉടൻ തന്നെ താൻ ബേസിലിന് മെസ്സേജ് അയച്ചിരുന്നു. ഇതൊക്കെ കാണുമ്പോൾ തനിക്ക് അത്ര സുഖിക്കുന്നില്ലെന്നും എന്നാലും ലുക്ക് കിടുവായിട്ടുണ്ടെന്നും നസ്ലെൻ മെസ്സേജിൽ പറഞ്ഞു. കൂടാതെ, ഇനി കോളേജ് സിനിമകളുമായി ഈ വഴിക്ക് വരരുതെന്നും പോയി വല്ല സിനിമയും ഡയറക്ട് ചെയ്തുകൂടെ എന്ന് തമാശയായി താൻ ചോദിച്ചതായും നസ്ലെൻ കൂട്ടിച്ചേർത്തു.
അതേസമയം, മികച്ച പ്രോജക്ടുകളുമായി കൈനിറയെ ചിത്രങ്ങളാണ് നസ്ലെന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ‘അഡ്വ. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ്’ ആണ് താരത്തിന്റെ പുതിയ സിനിമ. ഈ വർഷത്തെ നസ്ലെന്റെ ആദ്യ റിലീസ് കൂടിയായിരിക്കും ഇത്. ഇതിന് പുറമെ ആസിഫ് അലി ചിത്രം ‘ടിക്കി ടാക്ക’, മമ്മൂട്ടിയോടൊപ്പമുള്ള ‘മട്ടാഞ്ചേരി മാഫിയ’, തമിഴിൽ സൂര്യക്കൊപ്പമുള്ള വമ്പൻ ചിത്രം എന്നിവയും നസ്ലെന്റേതായി വരാനിരിക്കുന്ന പ്രധാന പ്രോജക്ടുകളാണ്.