
ജനറൽ സെക്രട്ടറിയോ പ്രസിഡന്റോ അല്ലാതെ ‘അമ്മ’യുടെ മറ്റ് അംഗങ്ങളാരും സംഘടനയെപ്പറ്റിയുള്ള കാര്യങ്ങൾ മാധ്യമങ്ങളോട് പറയരുതെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ. ആർക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ‘അമ്മ’യുടെ ഓഫിസിൽ വന്ന് ചോദിക്കാവുന്നതാണെന്നും, എല്ലാ അംഗങ്ങൾക്കും തന്റെയും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന്റെയും നമ്പറുകൾ അറിയാമെന്നും അവരെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാമെന്നും ശ്വേത പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു സംസാരിക്കുകയായിരുന്നു ശ്വേത മേനോനും കുക്കു പരമേശ്വരനും.
“അമ്മയിൽ എന്ത് കാര്യങ്ങളുണ്ടെങ്കിലും അത് ഞങ്ങളുടെ ജനറൽ ബോഡിയിൽ മാത്രമേ സംസാരിക്കുകയുള്ളൂ. അല്ലാതെ ആർക്കെങ്കിലും എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ‘അമ്മ’യുടെ ഓഫിസിൽ വന്നു ചോദിക്കാം. എല്ലാർക്കും അവിടെ സ്വാഗതം ആണ്. എല്ലാ അംഗങ്ങൾക്കും എന്റെയും കുക്കുവിന്റെയും നമ്പറുകൾ അറിയാം, അവർക്ക് വിളിക്കാം, എല്ലാം ചോദിക്കാം. ഇത് ഞാനൊരു അഭ്യർഥനയ്ക്കായി പറയുകയാണ്, ഇനി മുതൽ ‘അമ്മ’യുടെ അംഗങ്ങൾ ആരാണെങ്കിലും, ജനറൽ സെക്രട്ടറിയോ പ്രസിഡന്റോ അല്ലാതെ ആരായാലും, അമ്മയെപ്പറ്റി ഒരു കാര്യവും മാധ്യമങ്ങളോട് പറയില്ല.”- ശ്വേത മേനോൻ പറഞ്ഞു.
“ഞാൻ ‘അമ്മ’യുടെ ബൈലോ പ്രകാരമാണ് മുന്നോട്ട് പോകുന്നത്. എന്തൊക്കെ നടന്നാലും അത് അമ്മയിൽ തന്നെയാണ് ചർച്ച ചെയ്യേണ്ടത് എന്നും എന്തുണ്ടെങ്കിലും അത് അമ്മയിൽ ചർച്ച ചെയ്‌തു തീർക്കണം എന്നും എന്തൊക്കെ വന്നാലും ‘അമ്മ’യോടൊപ്പം നിന്ന് അമ്മയ്ക്ക് വേണ്ടി പ്രവർത്തിക്കണമെന്നുമാണ് സത്യപ്രതിജ്‌ഞ ചെയ്‌ത് നമ്മൾ കയറിയത്. ആ ഒരു രീതിക്കാൻ മുന്നോട്ട് പോകുന്നത്. ഞങ്ങൾക്ക് തെറ്റുകുറ്റങ്ങൾ ഉണ്ടാകാം, ഞങ്ങൾ ഇതൊന്നും ചെയ്തു ശീലിച്ചവരല്ലല്ലോ, എല്ലാം പഠിച്ചു വരുന്നതേയുള്ളു. തിരുത്താനുള്ളത് തിരുത്തി മുന്നോട്ട് പോകും.
നമുക്ക് പറയാനുള്ളത് പത്രമാധ്യമങ്ങളോട് അല്ല പറയേണ്ടതെന്ന് ബൈലോയിൽ ക്ലിയറായി പറഞ്ഞിട്ടുണ്ട്. ഞാൻ അത് പിന്തുടരുന്ന ആളാണ്. ഞാനും ശ്വേതയും സംസാരിക്കുന്നത് ഒരു ന്യൂസ് ഒന്നും അല്ല. ഞങ്ങൾ എന്നും സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ട്. രണ്ടു വ്യക്‌തികളാകുമ്പോൾ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. ഞങ്ങൾ കഴിഞ്ഞ 23-ാം തീയതി ഇരുന്നു സംസാരിച്ചിരുന്നു, അതിൽ ഒന്നും ഒരു വ്യത്യാസവും കാണുന്നില്ല. പറയുന്നവർക്ക് പറഞ്ഞുകൊണ്ടേയിരിക്കാം. സത്യം അത് ആകണമെന്നില്ലല്ലോ,” കുക്കു പരമേശ്വരൻ പറഞ്ഞു.