
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിടണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും തുറന്നടിച്ച് മുതിർന്ന താരം മല്ലിക സുകുമാരൻ. പുറത്തിറങ്ങി നടക്കാൻ വയ്യാത്ത അത്ര നാണക്കേടാണെന്നും, മമ്മൂട്ടിയും മോഹൻലാലും ഇടപെട്ട് പരിഹാരം കാണണമെന്നും മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.
“കുക്കു പരമേശ്വരൻ തന്നെ കുറിച്ചും അപവാദം പറഞ്ഞു നടന്നു. എന്തിനാണ് അമ്മ ഓഫീസിൽ ഇത്രയും സിസിടിവി ക്യാമറകൾ. അമ്മയിൽ ഒരു സുതാര്യതയും ഇല്ല. എല്ലാം ഒളിച്ചും പതുങ്ങിയും നടത്തുകയാണ്. ശ്വേതാ ഒന്നും അറിയില്ലെന്ന് പറയുന്നത് ശരിയല്ല. അൻസിബയുടെ മനസ്സിൽ ആരോ വിഷം കുത്തി വച്ചു. അൻസിബയയെയും സരയുവിനെയും കമ്മിറ്റിയിൽ വേണമെന്ന് പറഞ്ഞയാളാണ് ടിനി ടോം. എന്താണ് യാഥാർഥ്യം എന്ന് അറിയില്ല.” മല്ലിക സുകുമാരൻ പറഞ്ഞു.
അമ്മ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച അന്‍സിബ ഹസ്സന്‍ കഴിഞ്ഞ ദിവസമാണ് സംഘടന നേതൃത്വത്തിനെതിരെയും ടിനി ടോമിനെതിരെയും തുറന്നടിച്ച് രംഗത്തുവന്നത്. തന്നെ ജിഹാദിയെന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി, പൊലീസിന് വ്യാജ പരാതി നല്‍കി തുടങ്ങി ഗുരുതര പരാമര്‍ശങ്ങളാണ് അന്‍സിബ ഉന്നയിച്ചത്. ഇതിന് പിന്നാലെ ടിനി ടോമിനെതിരെ നടി നീനാ കുറുപ്പും രംഗത്ത് വന്നു. കുടുംബമേളക്കിടെ ടിനി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും സംഘടനക്ക് പരാതി നല്‍കി.