‘അമ്മ ഇപ്പോഴും തുടങ്ങിയിടത്താണ്, അല്ലായിരുന്നെങ്കിൽ ഇന്ന് അതിജീവിതയും നമുക്കൊപ്പമുണ്ടായേനെ”;ദീദി ദാമോദരൻ

','

' ); } ?>

‘അമ്മ’യിൽ സ്ത്രീകൾ നേതൃത്വത്തിലേക്ക് വന്നത് നല്ല കാര്യമാണെങ്കിലും, അതുകൊണ്ട് മാത്രം കാര്യങ്ങളിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെന്ന് കരുതുന്നില്ലെന്ന് വിമർശിച്ച് ഡബ്ല്യൂസിസി സ്‌ഥാപക നേതാവും എഴുത്തുകാരിയുമായ ദീദി ദാമോദരൻ. ‘അമ്മ’യ്ക്കുള്ളിൽ ജനാധിപത്യപരമായ അന്തരീക്ഷമില്ലെന്നും, സംഘടന ആദ്യത്തെ നിലയിൽ നിന്ന് മുന്നോട്ട് പോയിട്ടില്ല. അങ്ങനെ മാറ്റം വന്നിരുന്നെങ്കിൽ അതിജീവിതയായ നടിയും അവൾക്ക് വേണ്ടി സംസാരിച്ച സ്ത്രീകളും ഇന്ന് അതിൽ അംഗമാകുമായിരുന്നുവെന്നും ദീദി ദാമോദരൻ പറഞ്ഞു.

“അൻസിബയെപ്പോലെ ഒരാൾക്ക് സംസാരിക്കണമെങ്കിൽ സംഘടയ്ക്ക് പുറത്തുപോകേണ്ടി വരും എന്ന് പറഞ്ഞാൽ സംഘടനയ്ക്ക് അകത്ത് ജനാധിപത്യമില്ല എന്നാണല്ലോ അർഥം. ഇതിനു മുൻപും എ.എം.എം.എയ്ക്ക് അകത്തു നിന്ന് സംസാരിച്ച സ്ത്രീകൾക്ക് അവിടെ നിന്ന് പുറത്തുപോകേണ്ടി വന്നു. എത്രയോ കാലമായി അവിടെ അംഗമായ ആളുകളാണ്! അവരുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ സംഘടനയ്ക്ക് പുറത്തു പോകേണ്ടി വരുന്നു എന്നത് ശരിയല്ല. ആദ്യത്തെ നിലയിൽ നിന്ന് സംഘടന മുന്നോട്ട് പോയിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.” ദീദി ദാമോദരൻ പറഞ്ഞു.

“അങ്ങനെ ആയിരുന്നെങ്കിൽ അതിജീവിത ആയിട്ടുള്ള നടി ഇന്ന് അതിൽ അംഗമാകുമായിരുന്നു. അതുപോലെ അവർക്ക് വേണ്ടി സംസാരിച്ച സ്ത്രീകൾക്ക് അംഗത്വം തിരിച്ചു നൽകുമായിരുന്നു. അത് ഇല്ല എന്നുള്ളതാണ് നമ്മുടെ മുന്നിൽ ഉള്ള തെളിവ്. എ.എം.എം.എയ്ക്ക് അകത്തു കാര്യമായ മാറ്റമൊന്നുമില്ല. അൻസിബയെപ്പോലെയുള്ള ഒരാൾക്ക് പരാതി പറയാനുള്ള ഒരു ഇടം അവിടെ വേണ്ടതുണ്ട്. അൻസിബ മാത്രമല്ല ഇനിയും സ്ത്രീകൾക്ക് മുന്നോട്ട് വരേണ്ടിവരും. അവർ പരാതി പറയുമ്പോൾ സംഘടയ്ക്ക് ഉള്ളിൽ എന്ത് സംവിധാനമാണോ ഉള്ളത് അവിടെ അത് കേൾക്കാനുള്ള സൗകര്യം ഉണ്ടാകണം. ഇപ്പോൾ അവിടെ സ്ത്രീകൾക്ക് പോസിറ്റീവ് ആയ, അനുകൂല സാഹചര്യമല്ല ഉള്ളത് എന്നാണു വ്യക്‌തമാകുന്നത്.” ദീദി ദാമോദരൻ കൂട്ടിച്ചേർത്തു.