
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ എതിർപ്പില്ലെന്ന് വ്യക്തമാക്കി നടൻ ജോയ് മാത്യു. അക്കാദമിയുമായി ബന്ധപ്പെട്ടവർ ചോദിച്ചപ്പോൾ വിരോധമില്ലെന്ന് പറഞ്ഞെന്നും ജോയ് മാത്യു പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിൽ തീരുമാനമായിട്ടില്ല. ബന്ധപ്പെട്ടവർ പലരും ചോദിച്ചു. വിരോധമൊന്നുമില്ലെന്ന് പറഞ്ഞു’, എന്നായിരുന്നു ജോയ് മാത്യുവിൻറെ വാക്കുകൾ.
ഭരണമാറ്റത്തിന് പിന്നാലെ ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. മറ്റ് ഭാരവാഹികളും രാജിവെച്ചൊഴിഞ്ഞു. പിന്നാലെ, കോൺഗ്രസുമായി അടുപ്പമുള്ള ചലച്ചിത്ര പ്രവർത്തകരെ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വിവരം പുറത്തുവന്നിരുന്നു.
ജോയ് മാത്യുവിന് പുറമേ, നടന്മാരായ ജഗദീഷ്, സലിംകുമാർ, മുൻ വൈസ് ചെയർമാൻ കൂടിയായ പ്രേംകുമാർ, സംവിധായകൻ ദീപു കരുണാകരൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. അതേസമയം, സിനിമാ തിരക്കുകൾ ചൂണ്ടിക്കാട്ടി സ്ഥാനമേറ്റെടുക്കാനില്ലെന്ന് ജഗദീഷ് വ്യക്തമാക്കിയിരുന്നു.