“ബുംറ” ഫുട്‍ബോളറാണെന്ന പ്രസ്താവന; നാക്ക് പിഴയിൽ വിശദീകരണം നൽകി രാം ചരൺ

','

' ); } ?>

പൊതുവേദിയിലുണ്ടായ നാക്കുപിഴകാരണം വലിയ രീതിയിൽ ട്രോളുകൾക്ക് വിധേയനായി നടൻ രാം ചരൺ. ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയെ ഫുട്ബോൾ കളിക്കാരനായി വിശേഷിപ്പിച്ചതും, ഭോപ്പാലിലെ ജനങ്ങളെ ‘ബിഹാർ’ സ്വദേശികളായി അഭിസംബോധന ചെയ്തതുമാണ് ആരാധകരെ അമ്പരപ്പിച്ചത്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘പെദ്ദി’യുടെ മ്യൂസിക് ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം.

ചടങ്ങിനിടെ ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ വിവരിക്കാൻ അവതാരകൻ രാം ചരണിനോട് ആവശ്യപ്പെട്ടിരുന്നു. സച്ചിൻ തെണ്ടുൽക്കർ, എം.എസ്. ധോണി, രോഹിത് ശർമ, വിരാട് കോലി എന്നിവരെക്കുറിച്ച് താരം കൃത്യമായി സംസാരിച്ചെങ്കിലും ബുംറയെക്കുറിച്ച് പറഞ്ഞപ്പോഴാണ് നാക്കുപിഴ സംഭവിച്ചത്. “ബുംറ ജി, ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്. എനിക്ക് ഫുട്ബോൾ ഇഷ്ടമാണ്, നിങ്ങൾ ഫുട്‌ബോളിനെ ഇത്രത്തോളം ഉയരങ്ങളിൽ എത്തിക്കുന്നു,” എന്നായിരുന്നു രാം ചരണിൻ്റെ വാക്കുകൾ.

ഈ പ്രസംഗത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയും വലിയ രീതിയിലുള്ള ട്രോളുകൾക്ക് വഴിമാറുകയും ചെയ്തു. രാം ചരൺ ഒരു ക്രിക്കറ്റ് ആരാധകനല്ലെന്ന് ഉറപ്പായെന്ന് ചിലർ പരിഹസിച്ചപ്പോൾ, ഇതൊക്കെ താരത്തിന്റെ സ്വാഭാവിക ശൈലിയാണെന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം.

വിഷയം ചർച്ചയായതോടെ സോഷ്യൽ മീഡിയയിലൂടെ ഖേദം പ്രകടിപ്പിച്ച് രാം ചരൺ തന്നെ രംഗത്തെത്തി. പരിപാടിയുടെ ആവേശത്തിനിടയിൽ സംഭവിച്ചുപോയ ഒരു ‘മനുഷ്യസഹജമായ പിഴവ്’ മാത്രമായിരുന്നു അതെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ ബുംറയുടെ കളിശൈലിയുടെ വലിയ ആരാധകനാണെന്നും ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹം നൽകുന്ന സംഭാവനകളിൽ അഭിമാനിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പെദ്ദി’. രാം ചരൺ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ കായിക പശ്ചാത്തലത്തിലുള്ള ചിത്രം ജൂൺ 4-ന് തിയേറ്ററുകളിലെത്തും. കന്നഡ താരം ശിവ രാജ്കുമാറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലുണ്ട്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം തുടങ്ങിയ കായിക വിനോദങ്ങളിലൂടെ സ്വന്തം സ്വത്വം തേടുന്ന ഒരു കഥാപാത്രത്തെയാണ് രാം ചരൺ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.