
ടിനി ടോമിനെതിരെയുള്ള ആരോപണങ്ങൾ ചാനലുകളിലൂടെ പുറത്തുവന്നതിന് ശേഷമാണ് അൻസിബ പരാതി നൽകിയതെന്ന് തുറന്നു പറഞ്ഞ് നടിയും ‘അമ്മ പ്രസിഡന്റുമായ ശ്വേതാ മേനോൻ. അൻസിബ സംഘടനയിൽ നിന്ന് രാജിവെയ്ക്കുന്ന സമയത്ത് ടിനി ടോമിനെതിരെ യാതൊരുവിധ പരാതിയും ഉന്നയിച്ചിരുന്നില്ലെന്നും, രാജിക്ക് തൊട്ടുമുമ്പ് അൻസിബ നൽകിയ പരാതി മറ്റൊരു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്തിനെതിരെയായിരുന്നുവെന്നും ശ്വേതാമേനോൻ പറഞ്ഞു. കൂടാതെ ടിനി ടോം നടത്തിയെന്ന് പറയുന്ന പരാമർശങ്ങൾ അൻസിബ പോലും നേരിട്ട് കേട്ടിട്ടില്ലാത്ത സാഹചര്യത്തിൽ, മറ്റൊരു അംഗം മാത്രം അത് കേട്ടെന്ന് അവകാശപ്പെടുന്നത് എങ്ങനെയെന്നും ശ്വേതാ മേനോൻ ചോദ്യം ചെയ്തു.
“വ്യക്തിപരവും ജോലിപരവുമായ കാരണങ്ങളാലാണ് രാജിവെയ്ക്കുന്നതെന്നാണ് ഫെബ്രുവരി 21-ന് അൻസിബ അയച്ച രാജിക്കത്തിൽ പറയുന്നത്. പക്ഷേ, ആ മെയിൽ ഇവിടെനിന്ന് ഡിലീറ്റ് ആയിട്ടുണ്ടായിരുന്നു. രാജി സ്വീകരിക്കില്ലെന്ന് ജനറൽ സെക്രട്ടറി പറഞ്ഞിട്ടാണ് നമ്മളത് മാറ്റിവെച്ചത്. പിന്നീട് മേയ് 12-ന് നടന്ന എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലാണ് അൻസിബ രാജിക്കത്ത് സമർപ്പിച്ചതായി അറിഞ്ഞത്. അൻസിബയെ വിളിച്ച് എന്താണ് കാരണമെന്ന് ചോദിച്ചപ്പോൾ വ്യക്തിപരമായ കാരണങ്ങളാണെന്നാണ് പറഞ്ഞത്.
അൻസിബയും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ്. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ സംഘടനയിലോ ജനറൽ ബോഡിയിലോ പറയാം. സംഘടനയിലെ ഏറ്റവും വലിയ കോടതി എന്നുപറയുന്നത് ജനറൽ ബോഡിയാണ്. അൻസിബ അയച്ച മെയിലുകളെല്ലാം ഞാൻ നോക്കുകയുണ്ടായി. ജനുവരിയിൽ വേറൊരു എക്സിക്യൂട്ടീവ് അംഗത്തിനെതിരെ അൻസിബ പരാതി ഉന്നയിച്ചിട്ടുണ്ടായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കാനായി വിളിച്ചപ്പോൾ ഇത് അമ്മ സംഘടനയുടെ പരിധിയിലല്ല വരുന്നതെന്ന് ഞാൻ പറഞ്ഞിരുന്നു. അത് അവരുടെ വ്യക്തിപരമായ പ്രശ്‌നമായിരുന്നു. പക്ഷേ മൂന്ന് പരാതികൾ അൻസിബ അമ്മ സംഘടനയ്ക്ക് തന്നിരുന്നു. ആ പരാതി പോലീസിന് മുൻപാകെയാണ് ഉള്ളത്. ആ കേസിപ്പോൾ നടക്കുന്നുണ്ടോ എന്നറിയില്ല.
മാർച്ച് രണ്ടിന് നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അൻസിബ ഒടുവിൽ പങ്കെടുത്തത്. സംഘടനയുടെ പല യോഗങ്ങളിലും വാക്തർക്കങ്ങളുണ്ടാവാറുണ്ട്. അതുവെച്ച് നോക്കുകയാണെങ്കിൽ എല്ലാവർക്കും അങ്ങോട്ടുമിങ്ങോട്ടും പരാതിയുണ്ട്. അൻസിബയ്ക്കെതിരെ ടിനി ടോം അപവാദ പ്രചരണം നടത്തിയോ എന്ന് വ്യക്തമല്ല. 16 പേരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. ഒരാൾ അങ്ങനെ സംസാരിച്ചാൽ ബാക്കിയുള്ളവർ പ്രതികരിക്കാതിരിക്കുമോ? ജനുവരിയിൽ അൻസിബ പറഞ്ഞത് മറ്റൊരു പരാതിയായിരുന്നു. വീട്ടിൽ നടക്കുന്ന പ്രശ്‌നങ്ങൾ സംഘടനയ്ക്ക് പരിഹരിക്കാനാകില്ല.
ടിനി ടോമിനെതിരെ അൻസിബ പരാതി നൽകിയിട്ടില്ല. ടിനി ടോമിനെതിരെ അൻസിബ ഉന്നയിച്ച കാര്യങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അൻസിബയുടെ ആരോപണങ്ങൾക്ക് ടിനി ടോം മറുപടി പറയുമ്പോൾ, ഇന്നുച്ചയ്ക്ക് രണ്ടുമണിക്കാണ് ഇതേക്കുറിച്ച് ഒരു മെയിൽ വന്നത്. എക്സിക്യൂട്ടീവ് കമ്മറ്റിയിലെ അംഗങ്ങൾ തമ്മിലാണ് തർക്കം. അവർക്ക് സംഘടനയുടെ എല്ലാ നിയമാവലിയും അറിയാം. ഞാൻ മാധ്യമങ്ങൾക്കുമുന്നിൽ നിൽക്കുന്നത് അവരെല്ലാവരും കാരണമാണ്. ഒരു പ്രധാനപ്പെട്ട ക്യാമ്പ് നടക്കുമ്പോൾത്തന്നെ ഇങ്ങനെ ഒരാരോപണം ടിനി ടോമിനെതിരെ വന്നത് ഭയങ്കര ടൈമിങ് ആയിപ്പോയി.
അൻസിബ നന്നായി പ്രവർത്തിക്കുന്ന കുട്ടിയാണ്. വരുന്ന പരാതികൾ അമ്മയ്ക്കുള്ളിൽത്തന്നെ ചർച്ച ചെയ്യുകയും പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. ഇനിയും കുറേ കാര്യങ്ങളിൽ ചർച്ചകൾ ബാക്കിയുണ്ട്. അൻസിബയ്ക്കെതിരെ ടിനി നടത്തിയ പരാമർശങ്ങൾ ഒരാൾ മാത്രം കേട്ടെങ്കിൽ ബാക്കിയുള്ളവർ അതുകേട്ടില്ലേ? അൻസിബയും കേട്ടിട്ടില്ല. അൻസിബയും കേൾക്കാത്ത കാര്യം നീന കുറുപ്പ് എന്തുകൊണ്ടാണ് അവരോട് പറഞ്ഞത്? വാർത്തകളിൽ കണ്ട കാര്യം തന്നെയാണ് മെയിലിലും വന്നിരിക്കുന്നത്. ആ പരാതി പരിശോധിക്കും. മതസ്ഥാപനങ്ങളിൽനിന്ന് സ്പോൺസർഷിപ്പ് വാങ്ങരുതെന്ന് അൻസിബ പറഞ്ഞിരുന്നു. പക്ഷേ നമ്മുടേത് ഒരു ചാരിറ്റി സംഘടനയായതിനാൽ ആരിൽനിന്നും സഹായം സ്വീകരിക്കാം.” ശ്വേതാ മേനോൻ വ്യക്തമാക്കി.
അമ്മയിൽ നിന്നും താൻ രാജിവെയ്ക്കാൻ കാരണം ടിനി ടോമാണെന്നാണ് അൻസിബ ആരോപിച്ചത്. തന്നെ ജിഹാദിയെന്ന് വിളിച്ചു. മതം മാറ്റാൻ ശ്രമം നടത്തിയെന്ന് പറഞ്ഞു. തനിക്ക് പലരുമായും അവിഹിതമുണ്ടെന്ന് പ്രചരിപ്പിച്ചുവെന്നും അൻസിബ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി ടിനി ടോമും രംഗത്തെത്തി. ആരോപണത്തിന് തെളിവുവേണ്ടേയെന്നും എന്തുകൊണ്ടാണ് ഇപ്പോൾ ഒരു ആരോപണം വരുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരാരോപണം വരുന്നതെന്ന് അറിയില്ല. പുറത്തുനിന്നുള്ള ചില പണികൾ തനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.