
അമ്മയുടെ ചരമദിനത്തിൽ വികാരഭരിതമായ കുറിപ്പ് പങ്കുവെച്ച് മലയാളത്തിന്റെ പ്രിയനടൻ വിജയരാഘവൻ. കൈക്കുഞ്ഞായിരുന്ന വിജയരാഘവനെ കയ്യിലെടുത്തിരിക്കുന്ന അമ്മയുടെ ചിത്രവും താരം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
“1991 മേയ് 23, എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിന്റെ ദിവസം. കാലം കടന്നുപോയെങ്കിലും, അമ്മ ഇന്നും എൻ്റെ ഹൃദയത്തിൽ ജീവിക്കുന്നു.” വിജയരാഘവൻ കുറിച്ചു.
മലയാള നാടക ചരിത്രത്തിലെ ഇതിഹാസ പ്രതിഭയായ എൻ.എൻ.പിള്ളയുടെ ഭാര്യയും ഒട്ടുമിക്ക നാടകങ്ങളിലെയും സജീവ സാന്നിധ്യവുമായിരുന്ന വ്യക്തിയാണ് വിജയരാഘവന്റെ അമ്മ ചിന്നമ്മ. ഒട്ടനവധി പ്രതിസന്ധികളിലൂടെ കടന്നുപോയ എൻ.എൻ. പിള്ളയുടെ നാടകസംഘത്തിന് എക്കാലത്തും തണലായി നിന്നത് ചിന്നമ്മയായിരുന്നു.
ദേശീയ അവാർഡ് തിളക്കത്തിൽ നിൽക്കുമ്പോഴും തന്റെ ജീവിതത്തെയും കരിയറിനെയും രൂപപ്പെടുത്തിയതിൽ അമ്മ നൽകിയ സ്വാധീനത്തെക്കുറിച്ച് പലപ്പോഴും വിജയരാഘവൻ ഓർക്കാറുണ്ട്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അമ്മയുടെ വേർപാട് ഏൽപ്പിച്ച നോവ് മാഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് താരത്തിന്റെ വാക്കുകൾ. നിരവധി ആരാധകരും സിനിമാ രംഗത്തുള്ളവരും താരത്തിന്റെ പോസ്റ്റിന് താഴെ ഓർമ്മപ്പൂക്കൾ അർപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്.