
സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവർക്കും സുഹൃത്തുക്കളും ആരാധകരും സാക്ഷ്യം വഹിച്ച ഈ മംഗല്യനിമിഷം എത്തിയത്. ജിഷിൻ്റെ രണ്ടാം വിവാഹമാണിത്. വിവാഹവാർത്ത പുറത്തുവന്നതോടെ സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ഇരുവർക്കും ആശംസകളുമായി രംഗത്തെത്തുന്നത്.
നടി വരദയുമായുള്ള വിവാഹമോചനത്തിന് ശേഷം ജീവിതത്തിൽ വലിയ പ്രതിസന്ധികളിലൂടെയാണ് താൻ കടന്നുപോയതെന്നും, അതിൽ നിന്നൊരു മാറ്റമുണ്ടായത് അമേയയുടെ വരവോടെയാണെന്നും ജിഷിൻ മുൻപ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ പ്രണയദിനത്തിൽ ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും ഏറെ ശ്രദ്ധ നേടുകയും വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.
“ലോകം മുഴുവനും നേടിയാലും സ്നേഹം ഇല്ലങ്കിൽ ഒന്നുമില്ല. പിടിച്ചടക്കലുകളും തടവിലാക്കലും അല്ല പ്രണയം എന്ന് മനസിലാക്കി സ്വതന്ത്രമായി പ്രണയിക്കാൻ കഴിയുന്നിടത്താണ് പ്രണയം വിജയിക്കുന്നത്. കൂടെ ഉള്ളവരുടെ ഇഷ്‌ടങ്ങൾ കൂടെ നമുക്ക് പരിഗണിക്കാം. സ്നേഹത്തോടെ ബഹുമാനത്തോടെ അവരെ ഹൃദയത്തിൽ ചേർത്തുവെക്കാം. എല്ലാ പ്രിയപ്പെട്ടവർക്കും ഒരു നല്ല പ്രണയകാലം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങളുടെ പ്രണയം ഒരിക്കലും മങ്ങാതെ കൂടുതൽ തിളക്കമുള്ളതായി തീരട്ടെ. എന്റെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവന്നവളേ, നിനക്ക് എന്റെ പ്രണയദിനാശംസകൾ,”- എന്നായിരുന്നു അമേയയെക്കുറിച്ച് പ്രണയ ദിനത്തിൽ ജിഷിൻ കുറിച്ചത്.
വരദയുമായുള്ള ദാമ്പത്യത്തിൽ ജിഷിന് ഒരു മകനുണ്ട്.