“നെഗറ്റീവ് റിവ്യൂ ചെയ്യാതിരിക്കാൻ പ്രമുഖ യൂട്യൂബർ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു”; ‘അങ്കം അട്ടഹാസം’ നിർമ്മാതാവ്

','

' ); } ?>

യൂട്യൂബ് സിനിമാ റിവ്യൂവർമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിർമാതാവ് അനിൽ കുമാർ. മാധവ് സുരേഷ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘അങ്കം അട്ടഹാസം’ എന്ന ചിത്രത്തിന്റെ നിർമാതാവാണ് അനിൽ കുമാർ. ചിത്രം തിയേറ്ററുകളിൽ എത്തി ആദ്യ ഷോ കഴിഞ്ഞയുടൻ തന്നെ ചില യൂട്യൂബർമാർ സിനിമയുടെ കഥ പരസ്യപ്പെടുത്തിയെന്നും ഇത് ചിത്രത്തിന്റെ കളക്ഷനെ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ സിനിമയെക്കുറിച്ച് നെഗറ്റീവ് റിവ്യൂ ചെയ്യാതിരിക്കാൻ ഒരു പ്രമുഖ യൂട്യൂബർ തന്നോട് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതായും അനിൽ കുമാർ വെളിപ്പെടുത്തി. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘നാലുകോടി 50 ലക്ഷമാണ് ബജറ്റ്. സിനിമ റിലീസ്‌ ചെയ്‌ത്‌ ആദ്യത്തെ ഷോ കഴിഞ്ഞയുടൻ കുറച്ചു യൂട്യൂബേഴ്‌സ് ചിത്രത്തിൻറെ കഥ വെളിപ്പെടുത്തി. അവർക്ക് നെഗറ്റീവോ പോസിറ്റീവോ അഭിപ്രായങ്ങൾ പറയാം. പക്ഷേ, കഥ വെളിപ്പെടുത്താൻ പാടില്ല. ക്ലൈമാക്‌സിലെ ഒരു കഥാപാത്രത്തെ വെളിപ്പെടുത്തുന്ന കാര്യം അവർ നേരത്തേ പ്രചരിപ്പിച്ചു. അതോടെ സിനിമ കാണാനുള്ള ആളുകളുടെ കൗതുകമില്ലാതായി. അശ്വന്ത് കോക്ക് എന്ന യൂട്യൂബർ ഉണ്ടാക്കിയ നഷ്‌ടം ചെറുതല്ല. പത്തുലക്ഷം പേരെങ്കിലും സിനിമ കാണുന്നത് ഇല്ലാതാക്കി. അതിൽ എന്താണ് നേട്ടം എന്ന് എനിക്കറിയില്ല. അശ്വന്ത് കോക്ക് പൈസ വാങ്ങിയാണ് റിവ്യൂ പറയുന്നതെന്ന് എനിക്ക് വ്യക്തമായ അറിവുണ്ട്. ഒരു സിനിമയ്ക്ക് ഒരുലക്ഷം രൂപയാണ് അയാൾ ചോദിക്കുന്നത്. ഒരുലക്ഷം കൊടുത്തില്ലെങ്കിൽ അയാൾ നെഗറ്റീവ് പറയും. ആ തുക കൊടുത്താൽ പോസിറ്റീവ് പറയും. നിർമാതാവ് എന്ന നിലയ്ക്ക് എനിക്ക് സംഭവിച്ച കാര്യമാണ് ഞാൻ പറയുന്നത്’, നിർമാതാവ് പറഞ്ഞു.

‘എനിക്ക് സാമ്പത്തിക നഷ്‌ടമുണ്ടായി. മുഖ്യമന്ത്രിക്ക് പരാതി നൽകും. ഹൈക്കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്യും. ഇനി ഒരാൾക്കും ഇതുപോലൊരു ബുദ്ധിമുട്ട് ഉണ്ടാവാൻ പാടില്ല. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. വേദനിപ്പിച്ചുകൊണ്ടോ സാമ്പത്തിക നഷ്ടമുണ്ടാക്കിക്കൊണ്ടോ അഭിപ്രായം പറയുമ്പോഴാണ് നമുക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്നത്. അങ്ങനെ ബുദ്ധിമുട്ട് അനുഭവിച്ച ആളാണ് ഞാൻ. ഇന്ത്യയിൽ മാത്രമേ ചിത്രം റിലീസ് ചെയ്‌തിരുന്നുള്ളൂ. ഖത്തറിൽ ഇരുന്ന് ഒരു യൂട്യൂബർ ചിത്രം കണ്ടെന്നും വളരേ മോശമാണെന്നും പറഞ്ഞു. അഭിപ്രായം പറയാം, പക്ഷേ കാണാതെ പറയുന്നത് എങ്ങനെയാണ്? എന്തെങ്കിലും പ്രത്യേക താത്പര്യത്തിനുവേണ്ടി അങ്ങനെ പറയാൻ പാടില്ല’, അദ്ദേഹം ചൂണ്ടിക്കാട്ടി.

‘മാധവ് ചിത്രത്തിൻ്റെ ഒരുഭാഗം മാത്രമാണ്. മാധവിനെ ലക്ഷ്യമിട്ടതുകൊണ്ടുമാത്രം ചിത്രം ഇങ്ങനെയായിപ്പോയി എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. മാധവിൻ്റെ ഭാഗമെല്ലാം അദ്ദേഹം നന്നായി ചെയ്തുതു. എന്നോട് പൂർണ്ണമായി സഹകരിച്ചു’, നിർമാതാവ് വ്യക്തമാക്കി.

‘ഇത്ര കിട്ടിയില്ലെങ്കിൽ നെഗറ്റീവ് പറയുമെന്ന് എന്തിനാണ് റിവ്യൂവർമാർ പറയുന്നത്. നേരിട്ടല്ല, ആളുകൾ വഴിയാണ് പണം ചോദിക്കുന്നത്. എന്നോട് ഒരുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഒരുലക്ഷം രൂപ കൊടുക്കാമെങ്കിൽ നെഗറ്റീവ് റിവ്യൂ ഇടില്ലെന്ന് പറഞ്ഞു. ഞാനൊരു ചെറിയ നിർമാതാവ് ആയതിനാലാവാം ഒരുലക്ഷം ചോദിച്ചത്. ചിത്രം റീ- റിലീസ് ചെയ്യാൻ പദ്ധതിയുണ്ട്. മാറ്റങ്ങളോടെ റീ- റിലീസ് ചെയ്യാൻ ശ്രമിക്കും. എട്ടാം തീയതി പുറത്തിറങ്ങിയ ചിത്രം 13-ാം തീയതി പിൻവലിക്കുകയായിരുന്നു. ഇനിയൊരാൾക്കും അങ്ങനെയുണ്ടാവാൻ പാടില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.