
മലയാള സിനിമയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത വിജയഗാഥ രചിച്ച ‘ദൃശ്യം’ മറ്റൊരു അപൂർവ നേട്ടത്തിലേക്ക് കൂടി ചുവടുവെക്കുന്നു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ സൂപ്പർഹിറ്റ് ചിത്രം ഇപ്പോൾ ഇന്തോനേഷ്യൻ ഭാഷയിലേക്കും റീമേക്ക് ചെയ്യപ്പെടുകയാണ്. ആദ്യമായാണ് ഒരു മലയാള ചിത്രം ഇന്തോനേഷ്യൻ ഭാഷയിലേക്ക് പുനർനിർമ്മിക്കപ്പെടുന്നത് എന്നത് ഈ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നു. ‘അയ, അകു മൗ സെരിറ്റ’ (Ayah, Aku Mau Cerita) എന്നാണ് ഇന്തോനേഷ്യൻ പതിപ്പിന് പേരിട്ടിരിക്കുന്നത്. ‘അച്ഛാ, എനിക്ക് പറയാനുണ്ട്’ എന്നാണ് ഈ ടൈറ്റിലിന്റെ അർഥം. ചിത്രം വരും ഒഗസ്റ്റ് 20-ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ദൃശ്യത്തിന് ഇതിനോടകം ദേശീയ-അന്തർദേശീയ തലങ്ങളിലായി ആറ് റീമേക്കുകളാണ് ലഭിച്ചിട്ടുള്ളത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകൾക്ക് പിന്നാലെയാണ് ഇപ്പോൾ ചിത്രം ഇന്തോനേഷ്യയിലുമെത്തുന്നത്. ഇന്തോനേഷ്യൻ റീമേക്കിൽ മറ്റൊരു കൗതുകം കൂടിയുണ്ട്. മലയാളത്തിൽ ജോർജുകുട്ടിയും ഐജി ഗീത പ്രഭാകറുമായി രണ്ട് ധ്രുവങ്ങളിൽ നിന്നുപോരാടിയ കഥാപാത്രങ്ങളെ അവിടെ അവതരിപ്പിക്കുന്നത് യഥാർത്ഥ ജീവിതത്തിലെ ഭാര്യാഭർത്താക്കന്മാരാണ്. ഇന്തോനേഷ്യൻ സിനിമാലോകത്ത് ഏറെ പ്രേക്ഷകപ്രീതിയുള്ള താരങ്ങളായ വിനോ ജി ബാസ്റ്റ്യനും മാർഷ തിമോത്തിയുമാണ് യഥാക്രമം ഈ പ്രധാന വേഷങ്ങളിൽ എത്തുന്നത്. പുതിയ ഭാഷാതിരശ്ശീലയിലും ദൃശ്യത്തിന്റെ വിസ്മയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
മിറാക്കിള്‍ ഇന്‍ സെല്‍ നമ്പര്‍ 7 അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് വിനോ ജി ബാസ്റ്റ്യന്‍. മെര്‍ലിന ദി മര്‍ഡറര്‍ ഇന്‍ ഫോര്‍ ആക്റ്റ്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് മാര്‍ഷ തിമോത്തി. ഡാനിയല്‍ റിഫ്കിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സ്പാനിഷ് മിസ്റ്ററി ചിത്രം എല്‍ ക്വെര്പോയുടെ ഇന്തോനേഷ്യന്‍ റീമേക്ക് അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ഡാനിയല്‍ റിഫ്കി. ഇന്തോനേഷ്യയിലെ പ്രമുഖ ബാനര്‍ ആയ ഫാല്‍ക്കണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ ദൃശ്യം 3 തിയറ്ററുകളില്‍ എത്തിയ സമയത്തു തന്നെയാണ് 13 വര്‍ഷം മുന്‍പ് ഇറങ്ങിയ ദൃശ്യത്തിന്റെ അടുത്ത റീമേക്ക് സംബന്ധിച്ച അപ്ഡേറ്റ് എത്തിയിരിക്കുന്നത് എന്നത് പ്രേക്ഷകരെ സംബന്ധിച്ച് കൗതുകം വര്‍ധിപ്പിക്കുന്നുണ്ട്.