
പ്രേക്ഷകർക്കൊപ്പം ദൃശ്യം കാണാൻ തിയറ്ററിലെത്തി മോഹൻലാൽ. എറണാകുളം കവിത തിയറ്ററിലാണ് താരം ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം എത്തിയത്. സുചിത്ര മോഹൻലാൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, നായിക മീന, എസ്തർ, ഇർഷാദ് തുടങ്ങിയവരും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. സിനിമ പൂർത്തിയായ ശേഷം തിയറ്ററിലെത്തിയ കാണികൾക്കൊപ്പം തന്റെ ജന്മദിന കേക്ക് മുറിച്ചാണ് മോഹൻലാൽ ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്.
മോഹൻലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് തിയറ്ററുകളിലെത്തിയ ‘ദൃശ്യം 3’ ന് ആഗോളതലത്തിൽ ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ 465 സ്ക്രീനുകളിലും ലോകമെമ്പാടുമായി മൂവായിരത്തിലധികം സ്ക്രീനുകളിലുമായാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
രാവിലെ എട്ട് മണിക്ക് ആരംഭിച്ച ആദ്യ പ്രദർശനം അവസാനിച്ചപ്പോൾ മുതൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മുൻപത്തെ രണ്ട് ഭാഗങ്ങളോടും പൂർണ്ണമായും നീതിപുലർത്തുന്ന കഥാപരിസരമാണ് മൂന്നാം ഭാഗത്തിന്റേതെന്നാണ് സിനിമാപ്രേമികളുടെ വിലയിരുത്തൽ. അണിയറപ്രവർത്തകർ നേരത്തെ സൂചിപ്പിച്ചതുപോലെ തന്നെ, ജോർജുകുട്ടി എന്ന കേന്ദ്രകഥാപാത്രത്തിനും അയാളുടെ വൈകാരിക തലങ്ങൾക്കുമാണ് മൂന്നാം ഭാഗം പ്രാധാന്യം നൽകുന്നത്.
2013-ലായിരുന്നു ദൃശ്യം ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം പുറത്തിറങ്ങിയത്. തുടർന്ന് 2021-ൽ രണ്ടാം ഭാഗവും പ്രേക്ഷകരിലേക്ക് എത്തി. രണ്ടാം ഭാഗത്തിന് ശേഷം ജോർജുകുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന നാല് വർഷത്തെ മാറ്റങ്ങളാണ് ‘ദൃശ്യം 3’ ചർച്ച ചെയ്യുന്നത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി തുടങ്ങിയ വൻ താരനിര തന്നെയാണ് മൂന്നാം ഭാഗത്തിലും അണിനിരക്കുന്നത്.