
നടൻ മോഹൻലാലിൻ്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടനാട്ടിലെ ജനങ്ങൾക്ക് വിശ്വശാന്തി ഫൗണ്ടേഷൻ്റെ സ്നേഹസമ്മാനം. കുട്ടനാട്ടിൽ രൂക്ഷമായി തുടരുന്ന ശുദ്ധജലക്ഷാമത്തിനു പരിഹാരം കാണുന്നതിനായി ഫൗണ്ടേഷൻ്റെ ‘ശാന്തിതീർഥം’ പദ്ധതിയുടെ ഭാഗമായി വേഴപ്രയിൽ പുതിയ സോളാർ ഓട്ടമേറ്റഡ് ആർ.ഒ. (റിവേഴ്സ് ഓസ്മോസിസ്) പ്ലാൻ്റ് പ്രവർത്തനം ആരംഭിച്ചു.
പുതിയ പ്ലാൻ്റ് യാഥാർഥ്യമായതോടെ വേഴപ്രയിലെ മുന്നൂറോളം കുടുംബങ്ങളിലെ ആയിരത്തി ഇരുനൂറിലധികം ആളുകൾക്കാണ് ഇനി മുതൽ സൗജന്യമായി ശുദ്ധമായ കുടിവെള്ളം ലഭ്യമാകുക. വിശ്വശാന്തി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടറും സംവിധായകനുമായ മേജർ രവിയാണ് പ്ലാൻ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ ഫൗണ്ടേഷൻ ഡയറക്‌ടർ സജീവ് സോമൻ, ടാറ്റ എൽക്സി കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഹെഡ് ശരത് നായർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
തൻ്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായവർക്ക് മോഹൻലാൽ വീഡിയോ സന്ദേശത്തിലൂടെ നന്ദിയും ആശംസകളും അറിയിച്ചു. കുട്ടനാട്ടിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ വിശ്വശാന്തി ഫൗണ്ടേഷൻ നടത്തുന്ന നാലാമത്തെ ഇടപെടലാണിത്. നേരത്തെ 2023-ൽ എടത്വായിൽ 500 കുടുംബങ്ങൾക്ക് പ്രയോജനപ്പെടുംവിധം മണിക്കൂറിൽ 2,000 ലിറ്റർ ശുദ്ധജലം ഉത്പാദിപ്പിക്കുന്ന പ്ലാൻ്റടക്കം മൂന്ന് വാട്ടർ പ്ലാൻ്റുകൾ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കുട്ടനാടിൻ്റെ വിവിധ ഭാഗങ്ങളിലായി വിജയകരമായി സ്ഥാപിച്ചിട്ടുണ്ട്.