“നിസാമിന്റെ ഫിലിം മേക്കിംഗ് ശൈലിയുടെ ഒരു വിദ്യാർത്ഥിയായി മാറി ഞാൻ”; ഐ നൊബഡിയെ കുറിച്ച് പാർവതി

','

' ); } ?>

നോബഡി എന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ച് തുറന്നു സംസാരിച്ച് നടി പാർവതി തിരുവോത്ത്. പൃഥ്വിരാജിനെ നായകനാക്കി യുവസംവിധായകൻ നിസാം ബഷീർ ഒരുക്കുന്ന ഈ ചിത്രം മലയാളി സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ വിശേഷങ്ങളും നിസാം ബഷീറിന്റെ വേറിട്ട ഫിലിം മേക്കിംഗ് ശൈലിയെക്കുറിച്ചും പാർവതി മനസ്സ് തുറന്നത്.

താൻ അഭിനയിച്ച സിനിമകളിൽ ഭൂരിഭാഗത്തിനും ഇംഗ്ലീഷ് പേരുകളാണെന്ന് സൂചിപ്പിച്ച പാർവതി, ‘ഐ, നോബഡി’ ഒരു ഗംഭീര പേരാണെന്നും ഇതൊരു സ്റ്റൈലിസ്റ്റിക് സറ്റയർ ചിത്രമാണെന്നും വ്യക്തമാക്കി. ഒരു നടി എന്ന നിലയിൽ തനിക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ഈ സിനിമ സമ്മാനിച്ചത്. ക്യാമറ ആംഗിൾ, മൂവ്‌മെന്റ്, എഡിറ്റിംഗ്, മ്യൂസിക് തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും കൃത്യമായ ധാരണയുള്ള സംവിധായകനാണ് നിസാം ബഷീർ. ചില സമയങ്ങളിൽ സിനിമയുടെ പശ്ചാത്തല സംഗീതം സെറ്റിൽ പ്ലേ ചെയ്താണ് അദ്ദേഹം റിഹേഴ്സലുകൾ നടത്താറെന്നും പാർവതി പറഞ്ഞു.

സാധാരണയായി ചിത്രീകരണ സമയത്ത് മോണിറ്ററിൽ നോക്കാൻ തനിക്ക് താല്പര്യമില്ലെന്നും, എന്നാൽ ഈ സിനിമയിൽ മോണിറ്ററിന് പിന്നിലിരുന്ന് ഓരോ ഷോട്ടും കാണേണ്ടി വന്നതായും പാർവതി വെളിപ്പെടുത്തി. അഭിനേതാക്കളുടെ പ്രകടനത്തെക്കുറിച്ച് സംവിധായകന് ആശങ്കകളൊന്നുമില്ലെങ്കിലും, നിശ്ചിത മൂവ്മെന്റുകൾ കൃത്യമായി വേണമെന്ന് അദ്ദേഹം നിർബന്ധം പിടിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഒരു കൊറിയോഗ്രഫി പോലെയാണ് ചിത്രീകരണം അനുഭവപ്പെട്ടതെന്നും, നിസാമിന്റെ ഫിലിം മേക്കിംഗ് ശൈലിയുടെ ഒരു വിദ്യാർത്ഥിയായി താൻ മാറിയെന്നും താരം കൂട്ടിച്ചേർത്തു. കഥാപാത്രങ്ങളുടെ സംശയങ്ങൾക്ക് തിരക്കഥാകൃത്ത് കൃത്യമായ മറുപടി നൽകിയിരുന്നതായും പാർവതി ഓർത്തെടുത്തു.

‘എന്ന് നിന്റെ മൊയ്‌ദീൻ’, ‘കൂടെ’, ‘മൈ സ്റ്റോറി’ എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതി തിരുവോത്തും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അശോകൻ, മധുപാൽ, ഹക്കിം ഷാജഹാൻ, ലുക്മാൻ, ഗണപതി, വിനയ് ഫോർട്ട് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.