‘ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ ടീം യു.ഡി.എഫ്’; വിഡി സതീശന് ആശംസകൾ നേർന്ന് മലയാള സിനിമാ ലോകം

','

' ); } ?>

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി.ഡി. സതീശന് ആശംസകളുമായി മലയാള സിനിമാ ലോകം. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങൾ മുതൽ യുവനിരയിലെ പ്രമുഖർ വരെ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ അഭിനന്ദനങ്ങൾ അറിയിച്ചു.

‘കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട ശ്രീ വി.ഡി. സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ’ എന്നാണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കട്ടെ എന്ന് മോഹൻലാൽ ആശംസിച്ചു. ‘ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ ടീം യു.ഡി.എഫ്’ എന്ന കുറിപ്പോടെ വി.ഡി. സതീശന്റെ ചിത്രം പങ്കുവെച്ചാണ് നടനും പാലക്കാട് എം.എൽ.എയുമായ രമേഷ് പിഷാരടി തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

ജനങ്ങളാണ് ഹൈക്കമാൻഡ് എന്ന് തെളിയിച്ച ഏക നേതാവാണ് വി.ഡി. സതീശനെന്ന് നടൻ ധർമജൻ ബോൾഗാട്ടി കുറിച്ചു. കോൺഗ്രസ് പാർട്ടിയുടെ വിജയത്തിൽ അഭിനന്ദനം അറിയിച്ച നടൻ ഉണ്ണി മുകുന്ദൻ, ഈ പുതിയ തുടക്കം ലോകമെമ്പാടുമുള്ള മലയാളികൾക്ക് പ്രതീക്ഷയും വികസനവും നൽകട്ടെ എന്ന് ആശംസിച്ചു. ‘ജനനായകന് അഭിവാദ്യങ്ങൾ’ എന്ന് നടൻ സിദ്ദിഖും, പുതിയ കേരളത്തിനായുള്ള യാത്രയ്ക്ക് എല്ലാവിധ സ്നേഹവും അഭിനന്ദനങ്ങളും നേരുന്നതായി നിവിൻ പോളിയും കുറിച്ചു.

മതേതര കേരളം ആഗ്രഹിച്ച നന്മയാണിതെന്നും ഓരോ മലയാളിയും ഇതിൽ അഭിമാനിക്കുന്നുവെന്നുമാണ് നടൻ ജോയ് മാത്യുവിന്റെ പ്രതികരണം. രാഷ്ട്രീയ ഭേദമന്യേ സിനിമാ മേഖലയിലെ ഒട്ടുമിക്ക പ്രമുഖരും നിയുക്ത മുഖ്യമന്ത്രിക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.