“ഇത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു, ആത്മാർഥമായി ക്ഷമ ചോദിക്കുന്നു”; പൊട്ടിക്കരഞ്ഞ് ആർ ജെ ബാലാജി

','

' ); } ?>

സൂര്യയെ നായകനായെത്തിയ ‘കറുപ്പിന്റെ റിലീസ് മുടങ്ങിയതിൽ ആരാധകരോട് ക്ഷമ ചോദിച്ച് സംവിധായകൻ ആർ ജെ ബാലാജി. നിർമാണ കമ്പനിയായ ഡ്രീം വാരിയർ പിക്ചേഴ്സ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് തമിഴ്‌നാട്, കേരളം, ആന്ധ്ര എന്നിവിടങ്ങളിലെ രാവിലത്തെ ഷോകൾ റദ്ദാക്കിയ സാഹചര്യത്തിലാണ് വികാരാധീനനായി ബാലാജി രംഗത്തെത്തിയത്. സിനിമ കാണാനായി ദൂരസ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്ത് രാവിലെ 9 മണിക്ക് തന്നെ തിയറ്ററുകളിൽ എത്തിയ ആരാധകരോട് അദ്ദേഹം ഖേദപ്രകടനം നടത്തി.

മേയ് 14-ന് ചിത്രം വലിയ രീതിയിൽ റിലീസ് ചെയ്യണമെന്നും ഒരു വലിയ വിജയമായി മാറണമെന്നും താൻ ഒരുപാട് ആഗ്രഹിച്ചിരുന്നതായി ബാലാജി വെളിപ്പെടുത്തി. സംസാരിക്കുന്നതിനിടെ പലപ്പോഴും വികാരാധീനനായ അദ്ദേഹത്തിൻ്റെ ശബ്ദമിടറുന്നുണ്ടായിരുന്നു. തൻ്റെ കണ്ണുകളിൽ വരുന്നത് വേദനയാണെന്നും എന്നാൽ ചിത്രം വൈകുന്നേരത്തോടെ തിയേറ്ററുകളിൽ എത്തുമെന്ന ശുഭപ്രതീക്ഷ തനിക്കുണ്ടെന്നും ആർ.ജെ. ബാലാജി കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ഷോകളെ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

“എല്ലാവർക്കും നമസ്‌ക്കാരം. കാറിൽ നിന്നുള്ള മറ്റൊരു അപ്ഡേറ്റ് ആണിത്. ഇത് അവസാനത്തേതാകുമെന്ന് ഞാൻ കരുതുന്നു. എല്ലാ ആരാധകരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഇത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. സിനിമ കാണാനായി അത്രയും ദൂരം യാത്ര ചെയ്‌ത്‌ രാവിലെ 9 മണിക്ക് തിയറ്ററിൽ എത്തിയ തമിഴ്‌നാട്, കേരളം, ആന്ധ്ര എന്നിവിടങ്ങളിലെ പ്രിയപ്പെട്ടവരോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.

ഇതൊരിക്കലും സംഭവിക്കരുതായിരുന്നു. വീട്ടിലെയും ജീവിതത്തിലെയും പ്രശ്‌നങ്ങളിൽ നിന്ന് ഒന്ന് മാറിനിൽക്കാനാണല്ലോ നമ്മൾ സിനിമ കാണാൻ പോകുന്നത്. എന്നാൽ ആ സിനിമ കാണാൻ പോയത് തന്നെ ഇത്രയും വലിയ സ്ട്രെസ്സ് ആയതിലും, അത്ര ദൂരം യാത്ര ചെയ്‌തിട്ടും സിനിമ കാണാൻ പറ്റാതെ പോയതിലും എനിക്ക് വലിയ വിഷമമുണ്ട്. ഞാനും ഇത് പ്രതീക്ഷിച്ചതല്ല. ഇന്ന് വൈകുന്നേരം 6 മണിയോടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ട് സിനിമ റിലീസ് ആകുമെന്ന് ഞാൻ വിശ്വസിക്കുന്നു.” ആർ ജെ ബാലാജി പറഞ്ഞു.

“മേയ് 14-ന് സിനിമ റിലീസ് ആകുമെന്നും വലിയ ബ്ലോക്ക്ബസ്റ്റ‌ർ ആകുമെന്നും ഞാൻ ഒരുപാട് നാളായി ചിന്തിച്ചിരുന്നു. കാരണം ഞാൻ ഇത് അത്രയധികം ആഗ്രഹിച്ചതാണ്. എനിക്ക് കരച്ചിൽ വരുന്നുണ്ട്, അത് മറ്റൊരു വശമാണ്. എങ്കിലും ഇന്ന് വൈകുന്നേരം ദൈവം ഈ സിനിമ റിലീസ് ചെയ്യിച്ചു തരുമെന്നും എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാവരും അതിനായി കഠിനമായി പരിശ്രമിക്കുന്നുണ്ട്. സൂര്യ സർ അടക്കം ഒരുപാട് പേർ ഇതിനായി വിട്ടുവീഴ്‌ചകൾ ചെയ്തിട്ടുണ്ട്. ഈ കാലതാമസത്തിനും നിങ്ങൾക്കുണ്ടായ സ്ട്രെസ്സിനും ഞാൻ വീണ്ടും ക്ഷമ ചോദിക്കുന്നു.

പക്ഷേ ഇതിനെല്ലാം അർത്ഥമുണ്ടാകും. ഇന്ന് വൈകുന്നേരം സിനിമ എത്തും, അത് ഗംഭീരമായിരിക്കും. നിങ്ങൾക്ക് അത് ഇഷ്‌ടപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ പറയാറുള്ളതുപോലെ ‘കറുപ്പ് വരും’. വഴി മറക്കില്ല. ഇപ്പോഴും ഒരുപാട് പേർ തടസ്സങ്ങൾ ഉണ്ടാക്കുന്നുണ്ട്, ഒരുപാട് കാര്യങ്ങൾ മറയ്ക്കപ്പെടുന്നുണ്ട്. എങ്കിലും എല്ലാത്തിനെയും മറികടന്ന് ഇന്ന് വൈകുന്നേരം സിനിമ എത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവം കൂടെയുണ്ട്, എല്ലാം ശുഭമായി ഭവിക്കും. സിനിമ നല്ലതായിരിക്കും, നിങ്ങൾക്കത് ഇഷ്‌ടപ്പെടും. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. നന്ദി.”ആർ ജെ ബാലാജി കൂട്ടിച്ചേർത്തു.

നിർമാതാക്കളുടെ സാമ്പത്തികമായി ഇടപാടുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നാണ് ചിത്രത്തിൻ്റെ ആദ്യ പ്രദർശനം റദ്ദാക്കിയത്. ഏകദേശം 50 കോടിക്കു മുകളിലുള്ള സാമ്പത്തിക ബാധ്യതയാണ് സിനിമയുടെ മുന്നിൽ വിലങ്ങുതടിയായി കിടക്കുന്നത്.