
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വ്യാപകമായ പരിഹാസങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും മറുപടിയുമായി നടി അഞ്ജലി നായർ രംഗത്ത്. ഇത്തരം ട്രോളുകൾ തന്നെ തളർത്തിയിട്ടില്ലെന്നും മറിച്ച് തനിക്ക് ഗുണമാണ് ചെയ്തതെന്നും താരം വ്യക്തമാക്കി. ഭർത്താവിനൊപ്പമുള്ള വീഡിയോയിലൂടെയാണ് അഞ്ജലി തന്റെ നിലപാട് വ്യക്തമാക്കിയത്.
തന്റെ പേരിൽ വരുന്ന ഓരോ ട്രോൾ വീഡിയോകളും പോസ്റ്റുകളും കാണാറുണ്ടെന്നും അവയെല്ലാം ആസ്വദിക്കുന്നുണ്ടെന്നും താരം പറഞ്ഞു. തന്റെ പഴയ വീഡിയോകൾ ഇപ്പോഴത്തെ സാഹചര്യവുമായി ബന്ധിപ്പിച്ച് പ്രചരിപ്പിക്കുന്നതിലെ വസ്തുതയും താരം വീഡിയോയിലൂടെ പങ്കുവെച്ചു.
“ഇത് ട്രോളന്മാർക്ക് വേണ്ടിയുള്ള ഒരു വിഡിയോയാണ്. കാരണം നിങ്ങളുടെ ക്രിയേറ്റിവ് ആയിട്ടുള്ള പോസ്റ്റുകളും വിഡിയോകളും ഒന്നുപോലും ഞാൻ മിസ് ചെയ്തിട്ടില്ല. കാരണം എന്നെയും കൂടി ഇൻസ്റ്റാഗ്രാമിൽ മെൻഷൻ ചെയ്താണ് നിങ്ങൾ വിഡിയോ ഇടുന്നത്. മാത്രമല്ല ആൾക്കാർ റീപോസ്റ്റ് ചെയ്യുകയും കമൻ്റ് ചെയ്യുകയും ചെയ്യുന്നതുകൊണ്ട് എനിക്ക് ഓരോ വിഡിയോയും പോസ്റ്റുകളും കാണാൻ പറ്റി. അതെല്ലാം ഞങ്ങൾ ആസ്വദിക്കുകയും അതോടൊപ്പം തന്നെ നിങ്ങളുടെ ട്രോളുകൾ എനിക്ക് ഗുണം ചെയ്യുകയും ചെയ്തു. ഒന്നുമല്ലാത്ത എനിക്ക് വേണ്ടി സാമ്യവും കണ്ടെത്തിയ ഓരോ ട്രോളന്മാർക്കും നന്ദി അറിയിക്കുന്നു.” അഞ്ജലി നായർ പറഞ്ഞു.
“ഇപ്പോൾ മറ്റൊരു പോസ്റ്റ് വലിയ രീതിയിൽ ഷെയർ ചെയ്യപ്പെടുകയാണ്, ഞാൻ ക്യാംപെയ്ൻ തുടങ്ങിയ കാലത്ത് പറഞ്ഞ ഒരു കാര്യമാണ്, നിങ്ങൾ ട്രോൾ ചെയ്തോളൂ പക്ഷേ ഒരുപാട് ഉപദ്രവിക്കരുത് എന്ന് പറഞ്ഞ ഒരു കാര്യം ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. അതിപ്പോൾ ഇലക്ഷന് തോറ്റ എന്നെ ഉപദ്രവിക്കരുത് എന്നാക്കി ആണ് ഷെയർ ചെയ്യുന്നത്. ഞാൻ അങ്ങനെ ഇപ്പോൾ പറഞ്ഞിട്ടില്ല .
ഇലക്ഷന്റെ തുടക്കസമയത്ത് ഒരു ചാനലിന് ബൈറ്റ് കൊടുത്ത സമയത്താണ് ഞാൻ അത് പറഞ്ഞത്. ഒന്നും പറയാനില്ല അങ്ങനെ പറയുന്നവരോടും സ്നേഹം മാത്രമേയുള്ളു, ഞങ്ങൾക്ക് ഒരു വിഷമവുമില്ല, ഞങ്ങൾ ഓടിപ്പോവുകയുമില്ല. ഞങ്ങൾ ഇനിയും ഇവിടെ തന്നെ ഉണ്ടാകും. ഇനിയും വരുന്ന കാലങ്ങളിൽ നിങ്ങളിൽ ആസ്വദിക്കാനുതകുന്ന വിഷയങ്ങൾ ഞങ്ങൾ ഉണ്ടാക്കി തരാം. എല്ലാവർക്കും നന്ദി.” അഞ്ജലി നായർ കൂട്ടിച്ചേർത്തു.