
സിനിമാ മോഹവുമായി മുംബൈയിലെത്തി വർഷങ്ങളോളം പട്ടിണിയും അവഗണനയും അനുഭവിച്ച തന്റെ പോരാട്ടവഴികളെക്കുറിച്ച് മനസ്സ് തുറന്ന് ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ധിഖി. കയ്യിൽ വെറും 2500 രൂപയുമായി സിനിമാ നഗരത്തിലെത്തിയ തനിക്ക് ‘ഗാംഗ്‌സ് ഓഫ് വസേപൂർ’ എന്ന ചിത്രമാണ് കരിയറിൽ വലിയൊരു ബ്രേക്ക് നൽകിയതെന്ന് അദ്ദേഹം ഓർത്തെടുത്തു.
തുടക്കകാലത്ത് വലിയ ആത്മവിശ്വാസത്തോടെയാണ് ഈ രംഗത്തേക്ക് എത്തിയതെങ്കിലും നിരന്തരമായ തിരിച്ചടികൾ തന്റെ ആത്മവിശ്വാസത്തെ തകർത്തുവെന്ന് നവാസുദ്ദീൻ പറയുന്നു. പലപ്പോഴും അഭിനയിക്കാൻ അവസരം ഉറപ്പിക്കുകയും സുഹൃത്തുക്കളോടും ബന്ധുക്കളോടും വിവരം പങ്കുവെക്കുകയും ചെയ്യും. എന്നാൽ ഷൂട്ടിംഗ് തുടങ്ങുന്ന സമയത്താകും ആ വേഷത്തിൽ നിന്ന് തന്നെ ഒഴിവാക്കിയ വിവരം അറിയുന്നത്. ഇത്തരം സാഹചര്യങ്ങളിൽ റോഡിലിരുന്ന് കരഞ്ഞിട്ടുള്ള സന്ദർഭങ്ങൾ നിരവധിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ദാരിദ്ര്യം മൂലം പലപ്പോഴും ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത അവസ്ഥയുണ്ടായിരുന്നു. ആ സമയങ്ങളിൽ പാർലെ-ജി ബിസ്‌ക്കറ്റ് കഴിച്ചാണ് വിശപ്പടക്കിയിരുന്നത്. പ്രഭാതഭക്ഷണമായും ഉച്ചഭക്ഷണമായും അത്താഴമായുമെല്ലാം ബിസ്‌ക്കറ്റ് കഴിച്ചിരുന്ന ആ കാലം ഇന്നും നോവിക്കുന്ന ഓർമ്മയാണെന്ന് താരം പറഞ്ഞു. സിനിമാപ്രേമം തലയ്ക്കുപിടിച്ച് റോഡിലൂടെ ഡയലോഗുകൾ ഉരുവിട്ട് നടക്കുമ്പോൾ പലരും തനിക്ക് ഭ്രാന്താണെന്ന് കരുതിയിട്ടുണ്ടെന്നും നവാസുദ്ദീൻ കൂട്ടിച്ചേർത്തു.
“തുടക്കത്തിൽ അങ്ങേയറ്റം ആത്മവിശ്വാസവും പാഷനുമായാണ് ഈ മേഖലയിലേക്ക് വന്നത്. പക്ഷേ ക്രമേണ തിരിച്ചടികൾ മാത്രമായപ്പോൾ ആത്മവിശ്വാസം നഷ്‌ടപ്പെടാൻ തുടങ്ങി. അവനവനിൽ സംശയം തോന്നാനും ചെയ്യുന്നത് തെറ്റായതുകൊണ്ടാണോ അവസരം ലഭിക്കാത്തത് എന്നുമൊക്കെ കരുതിയിരുന്നു. അവസരങ്ങൾ തീരുമാനിച്ചുറപ്പിച്ച് അവസാനനിമിഷം അത് തന്നിൽ നിന്ന് തട്ടിമാറ്റപ്പെട്ടിട്ടുണ്ട്.” നവാസുദ്ധീൻ പറഞ്ഞു.
‘സർഫറോഷ്’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും ‘പീപ്‌ലി ലൈവി’ലൂടെയാണ് നവാസുദ്ദീൻ ശ്രദ്ധിക്കപ്പെടുന്നത്. ‘ബാൻഡിറ്റ് ക്വീൻ’, ‘ശൂൽ’, ‘മുന്നാഭായ് എം.ബി.ബി.എസ്’ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്ത അദ്ദേഹം പിന്നീട് ‘ബജ്‌രംഗി ഭായ്‌ജാൻ’, ‘രമൺ രാഘവ് 2.0’, ‘മോം’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിലെ മുൻനിര നടനായി മാറി. ‘മേം ആക്റ്റർ നഹീ ഹു’, ‘തുംബാട് 2’ എന്നിവയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പുതിയ ചിത്രങ്ങൾ.