
സിനിമയുണ്ടാക്കിയ സാമ്പത്തിക ബാധ്യതകാരണം ആത്മഹത്യക്ക് ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പണം വാങ്ങി കബളിപ്പിച്ച ഏജന്റുമാരിൽ നിന്നും കുടുംബത്തിന് ഭീഷണി നേരിടേണ്ടി വരികയാണെന്ന് നടൻ സുബീഷ് സുധി. ചിത്രത്തിന്റെ റീ-റിലീസിൽ മാത്രമാണ് പ്രതീക്ഷയെന്നും അതിനായി നല്ലൊരു വിതരണക്കാർ മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘റിലീസ് ചെയ്ത സമയം അനുകൂലമായിരുന്നില്ല. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു പോലെയുള്ള പടങ്ങളുണ്ടായിരുന്നു. മാർച്ചിൽ പരീക്ഷകൾ, നോമ്പ് അങ്ങനെ ഒരുപാട് പ്രതിസന്ധികളുണ്ടായിരുന്നു. സിനിമ കണ്ട എല്ലാവരും നല്ല അഭിപ്രായമായിരുന്നു പറഞ്ഞത്. ഒടിടിയിൽ കച്ചവടമാവുമെന്ന് പ്രതീക്ഷിച്ചു. അതും നടന്നില്ല. ബോംബെയിൽ പോയപ്പോൾ കുറേ ഏജന്റുമാർ പൈസ വാങ്ങി പറ്റിച്ചു.
ആ കടം തീർക്കാൻ പല പരിപാടികളും നോക്കി. ഒന്നും നടന്നില്ല. അവസാനം എല്ലാം വഴിമുട്ടിയ അവസ്ഥയിലായി. ബാധ്യതമുഴുവൻ എന്റെ തലയിലായി. പണം തിരികെ കിട്ടാൻ നിർമാതാക്കൾ എന്നെ വല്ലാതെ പീഡിപ്പിച്ചു. എന്നെ മറ്റൊന്നിനും വിടാതെ, ഇതിനുവേണ്ടി മാത്രം നടക്കുന്ന അവസ്ഥവന്നു.’ സുബീഷ് സുധി പറഞ്ഞു.
“ഒന്നും നടക്കാതെ വന്നപ്പോൾ കത്തെഴുതി സുഹൃത്തിന് നൽകി തിരുവനന്തപുരത്തുവെച്ച് ആത്മഹത്യയ്ക്കുശ്രമിച്ചു. പക്ഷേ, എന്നെ പിന്തുടർന്ന് കണ്ടെത്തി പിന്തിരിപ്പിച്ചു. അരമണിക്കൂർ മുമ്പേപോലും അമ്മയെ വിളിച്ചു ഭീഷണിപ്പെടുത്തുന്ന സാഹചര്യമുണ്ടായി. റീ റിലീസിൽ മാത്രമാണ് പ്രതീക്ഷ. നല്ലൊരു വിതരണക്കമ്പനി വരേണ്ടതുണ്ട്.” സുബീഷ് സുധി കൂട്ടിച്ചേർത്തു.
സിനിമ വരുത്തിവെച്ച സാമ്പത്തിക ബാധ്യതകൾ കാരണം രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും, താൻ നിർമ്മാണ പങ്കാളിയായി നായക വേഷത്തിലെത്തിയ ‘ഒരു സർക്കാർ ഉത്പന്നം’ എന്ന സിനിമ വരുത്തിവെച്ച സാമ്പത്തിക ബാധ്യതകൾ കാരണം ജീവിതം തകർന്നുവെന്നും, സിനിമയ്ക്കായി പണം നൽകിയവർ തനിക്കെതിരെ കേസ് കൊടുത്തുവെന്നും സുബീഷ് സുധി ആരോപിച്ചിരുന്നു.
ആത്മഹത്യയ്ക്ക് മുമ്പ് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശമാണ് രക്ഷയായത്. വിവരമറിഞ്ഞ കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ നേരിട്ട് വിളിച്ച് സംസാരിക്കുകയും “ആരെങ്കിലും സഹായിക്കാതിരിക്കില്ല, ധൈര്യമായി മുന്നോട്ട് പോകൂ” എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുകയും ചെയ്തതായി സുബീഷ് കുറിച്ചു.