“പരീക്ഷണങ്ങൾക്ക് ഞാൻ എന്നും റെഡി ആയിരുന്നു, നിർമ്മാതാക്കളാണ് സമ്മതിക്കാതിരുന്നത്”; മമ്മൂട്ടി

','

' ); } ?>

സിനിമയിലെ തന്റെ പരീക്ഷണങ്ങളെക്കുറിച്ച് മനസുതുറന്ന് നടൻ മമ്മൂട്ടി. കരിയറിന്റെ തുടക്കകാലം മുതൽ തന്നെ വ്യത്യസ്തങ്ങളായ പരീക്ഷണങ്ങൾക്ക് താൻ മുതിർന്നിട്ടുണ്ടെന്നും എന്നാൽ അന്ന് നിർമാതാക്കൾ തന്നെ അതിൽ നിന്നും നിരുത്സാഹപ്പെടുത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ ‘പേട്രിയറ്റി’ന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ നടി രേവതിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

തന്റെ അഭിനയ ജീവിതത്തിൽ പരീക്ഷണങ്ങൾ പുതിയ കാര്യമല്ലെന്ന് മമ്മൂട്ടി വ്യക്തമാക്കി. പഴയകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളോ പരീക്ഷണ ചിത്രങ്ങളോ ചെയ്യാൻ ആഗ്രഹിക്കുമ്പോൾ, സിനിമയുടെ സാമ്പത്തിക വിജയത്തെ ബാധിക്കുമെന്ന് ഭയന്ന് പല നിർമാതാക്കളും അതിനെ എതിർത്തിരുന്നു. എന്നാൽ ഇന്ന് കാലം മാറിയെന്നും പ്രേക്ഷകർ പുതിയ പരീക്ഷണങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എനിക്ക് പണ്ടുമുതലേ ഉള്ള ആഗ്രഹങ്ങൾ ആണ് ഇതൊക്കെ. അന്ന് ഞാൻ പലതും ചെയ്തിട്ടുണ്ട്. പക്ഷേ അന്ന് എന്നെ ഒരുപാട് ചെയ്യാൻ അനുവദിച്ചിട്ടില്ല കാരണം എന്റെ സിനിമ ഓടുകയും വേണമല്ലോ. പല നിർമാതാക്കളും അന്ന് നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും മൃഗയ പോലുള്ള സിനിമകൾ ചെയ്തിട്ടുണ്ട്. പക്ഷേ ഇന്നത്തെ കാലത്ത് പ്രേക്ഷകർ സിനിമയെപ്പറ്റി കുറച്ചുകൂടെ എഡ്യൂക്കേറ്റഡ് ആണ്. ഇപ്പോൾ നല്ലതാണെങ്കിൽ എന്തുകൊടുത്താലും അവർ ഓക്കെ ആണ്. പിന്നെ പ്രൊഡക്ഷൻ മിക്കവാറും ഞാൻ തന്നെ ആയിരിക്കും’, മമ്മൂട്ടിയുടെ വാക്കുകൾ.

മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പേട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. ചിത്രം ഇന്ന് തീയേറ്ററുകളിലെത്തിയിട്ടുണ്ട്. ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.