
മാർക്കോ’യുടെ വിജയത്തിന് പിന്നിലെ അണിയറക്കഥകൾ വെളിപ്പെടുത്തി നടൻ ഉണ്ണിമുകുന്ദൻ. നിർമാതാവ് ആൻ്റോ ജോസഫിന്റെ പുതിയ ചിത്രമായ ‘പേട്രിയറ്റിന്’ ആശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച കുറിപ്പിലാണ്, തനിക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം നൽകിയ വലിയ പിന്തുണയെക്കുറിച്ച് ഉണ്ണി മുകുന്ദൻ വികാരാധീനനായത്. ഒരു സാധാരണ ഫോൺ കോളിലൂടെയുള്ള അഭ്യർഥന മാനിച്ചുകൊണ്ട് ‘മാർക്കോ’ എന്ന വലിയ സിനിമയുടെ അവകാശം വിട്ടുനൽകിയ ആൻ്റോ ജോസഫിന്റെ നിലപാടാണ് കുറിപ്പിലെ പ്രധാന ആകർഷണം.
സിനിമയുടെ എൻ.ഒ.സി കൈമാറുക മാത്രമല്ല, ചിത്രം തിയേറ്ററുകളിൽ വലിയ സാമ്പത്തിക വിജയം നേടിയപ്പോൾ പോലും അതിൽ നിന്ന് ലാഭവിഹിതമായി ഒരു രൂപ പോലും അദ്ദേഹം വാങ്ങിയില്ലെന്ന വലിയ സത്യവും താരം വെളിപ്പെടുത്തി. തന്റെ കരിയറിലെ നിർണായക ഘട്ടങ്ങളിലെല്ലാം ആന്റോ ജോസഫ് നൽകിയ വലിയ പിന്തുണയെ ഉണ്ണി മുകുന്ദൻ നന്ദിയോടെ സ്മരിക്കുന്നു.
ആന്റോ ജോസഫ് വീണ്ടും തന്റെ സർവവും നിക്ഷേപിച്ച് നിർമിക്കുന്ന ‘പേട്രിയറ്റ്’ വലിയ വിജയമാകട്ടെ എന്ന് താരം ആശംസിച്ചു. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് സിനിമാപ്രേമികളുടെ എല്ലാ പിന്തുണയുമുണ്ടാകണമെന്ന് അഭ്യർഥിച്ചാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്. വൻതാരനിര അണിനിരക്കുന്ന ‘പേട്രിയറ്റിനായി’ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.
“എന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റുകൾ സമ്മാനിച്ച നിർമാതാവിന് എല്ലാവിധ ആശംസകളും നേരുന്നു. ഞാൻ എന്നും നെഞ്ചിലേറ്റിയ സ്വപ്നങ്ങളിലേക്ക് വഴിതുറന്ന സിനിമകളായിരുന്നു അവ. സിനിമയ്ക്കായി തൻ്റെ സർവവും വീണ്ടും നിക്ഷേപിക്കുന്ന ആൻ്റോ ചേട്ടന് എല്ലാ നന്മകളും നേരുന്നു. സിനിമയിലെ സുഹൃത്തുക്കളിൽ നിന്നും കേട്ടറിഞ്ഞത് ‘പ്രേട്രിയറ്റ്’ ഒരു വിസ്മയിപ്പിക്കുന്ന സിനിമാനുഭവമാണെന്നാണ്. സൂപ്പർതാരങ്ങളും മുൻനിര സാങ്കേതിക പ്രവർത്തകരും ഒന്നിക്കുന്ന ഈ ചിത്രം, അതിന്റെ ക്രാഫ്റ്റിന് മാത്രമല്ല, ആൻ്റോ ചേട്ടൻ എന്ന മനുഷ്യന് വേണ്ടിക്കൂടി വലിയ വിജയം അർഹിക്കുന്നുണ്ട്.
‘മല്ലൂ സിങ്’ മുതൽ എന്റെ കരിയറിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയ ‘മാളികപ്പുറം’ വരെയുള്ള സിനിമകൾ നിർമിച്ചത് അദ്ദേഹം ആണ്. എന്റെ നിർമാണ കമ്പനിയായ യുഎംഎഫ് തുടങ്ങിയപ്പോൾ ആദ്യം വിളിച്ച് ആശംസകൾ അറിയിച്ചത് മുതൽ, ഒരു സാധാരണ ഫോൺ കോളിലൂടെയുള്ള എന്റെ അഭ്യർഥന കേട്ട് ‘മാർക്കോ’ എന്ന സിനിമ നിർമിക്കാനുള്ള എൻഒസി യാതൊരു മടിയും കൂടാതെ കൈമാറിയ ആ മനുഷ്യൻ്റെ ഔദാര്യത്തെക്കുറിച്ച് പറയാതിരിക്കാൻ കഴിയില്ല.
നിങ്ങളുടെ ആ വലിയ മനസ്സ് ഇല്ലായിരുന്നെങ്കിൽ ‘മാർക്കോ’ എന്ന സിനിമ ഉണ്ടാകുമായിരുന്നില്ല. ആ സിനിമയുടെ വമ്പിച്ച വിജയത്തിൽ നിന്ന് ഒരു പൈസ പോലും നിങ്ങൾ പ്രതിഫലമായി വാങ്ങിയില്ല എന്ന വസ്തുത കൂടി ഇവിടെ അടിവരയിടുന്നു. നിങ്ങൾ എപ്പോഴും വിജയിക്കണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കാനുള്ള യഥാർത്ഥ കാരണവും ഇതുതന്നെയാണ്. മമ്മൂക്കയ്ക്കും ലാലേട്ടനും ഫഹദിനും, സ്കിപ്പറിനും മഹേഷിനും, ഒപ്പം ‘പ്രേട്രിയറ്റ്’ സിനിമയുടെ മുഴുവൻ ടീമിനും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ. ഈ ചിത്രം തിയറ്ററുകളിൽ തന്നെ കണ്ട് വിജയിപ്പിക്കുക!’-ഉണ്ണി മുകുന്ദൻ കുറിച്ചു.