“നഗ്നതാ പ്രദർശനത്തിനോ, വസ്ത്രധാരണത്തിലോ അല്ല മലയാള സിനിയമം നില നിൽക്കുന്നത്”; എസ്തർ അനിൽ

','

' ); } ?>

സോഷ്യൽ മീഡിയയിലെ സദാചാര ആക്രമണങ്ങൾക്കെതിരെ ശക്‌തമായ ഭാഷയിൽ പ്രതികരിച്ച് നടി എസ്തർ അനിൽ. തുണി ഉരിയുന്നത് സിനിമയിൽ റോൾ കിട്ടാനാണെന്ന അസംബന്ധം നിർത്തിക്കൂടെ എന്ന് എസ്തർ ചോദിച്ചു. കൂടാതെ മലയാള സിനിമ എന്നും നിലനിൽക്കുന്നത് കലാകാരന്മാരുടെ കഴിവിന്റെയും മികവിന്റെയും കരുത്തിലാണെന്നും അല്ലാതെ വെറും വസ്ത്രധാരണത്തിലോ നഗ്നതാ പ്രദർശനത്തിനോ അല്ല എന്നും എസ്തർ അനിൽ കൂട്ടിച്ചേർത്തു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

“തുണി ഉരിയുന്നത് സിനിമയിൽ റോൾ കിട്ടാനാണെന്ന ഈ അസംബന്ധം നമുക്ക് ഒന്ന് അവസാനിപ്പിച്ചു കൂടെ? സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ആയതുകൊണ്ട് മാത്രം മലയാള സിനിമയിൽ കഴിവുള്ള നായികമാരായി മാറിയ എത്ര പേരുണ്ടെന്ന് പറഞ്ഞു തരൂ. ഒരാൾ പോലുമില്ല. ഇനി ആരെങ്കിലും അങ്ങനെ ചെയ്‌താലും അതിൽ മറ്റുള്ളവർക്ക് എന്താണ് കാര്യം?” എസ്തർ അനിൽ കുറിച്ചു.

“മലയാള സിനിമ എന്നും നിലനിൽക്കുന്നത് കലാകാരന്മാരുടെ കഴിവിന്റെയും മികവിന്റെയും കരുത്തിലാണ്. അല്ലാതെ വെറും വസ്ത്രധാരണത്തിലോ നഗ്നതാ പ്രദർശനത്തിനോ അല്ല. ചിലർക്ക് സ്വന്തമായി ഒരു ജീവിതമില്ല എന്നതാണ് സത്യം. സഹോദരാ, എന്താണ് നിങ്ങൾക്ക് ഇത്ര പ്രശ്നം.? അതോ കൂടുതൽ ഫോളോവേഴ്‌സിനെ കിട്ടാൻ വേണ്ടിയുള്ള വിലകുറഞ്ഞ പ്രശസ്തിയാണോ ലക്ഷ്യം? എന്തായാലും സാരമില്ല, നടക്കട്ടെ! സാധാരണയായി ഇത്തരം കാര്യങ്ങളോട് ഞാൻ പ്രതികരിക്കാറില്ല. പക്ഷേ, ഇന്ന് ഇത്തരക്കാരെ ഒന്ന് തുറന്നു കാണിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി.,”എസ്‌തർ അനിൽ കൂട്ടിച്ചേർത്തു.

ബാലതാരങ്ങളായെത്തിയ പെൺകുട്ടികൾ വളർന്ന് നായികമാരാകുമ്പോൾ അവരെ ‘ഹൈപ്പർ സെക്ഷ്വലൈസ്’ ചെയ്യാനുള്ള പ്രവണത മലയാളികൾക്കുണ്ടെന്ന് താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ താരത്തെ വിമർശിച്ച് എത്തിയവർക്കാണ് എസ്ത‌ർ ഇപ്പോൾ കൃത്യമായ മറുപടി നൽകിയിരിക്കുന്നത്.

“പെട്ടെന്ന് വളർന്ന് ഞാൻ ലീഡ് റോളിലെത്താൻ പാകമായി എന്ന് സിനിമക്കാരെ അറിയിക്കാൻ ഉള്ള ഒരു ഹൈപ്പർ സെക്ഷ്വൽ ഷോ ഓഫ് മലയാളത്തിലെ ചില ബാലതാരങ്ങളിലും കാണാറുണ്ട്”, എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനെ പിന്തുണച്ച് മറ്റൊരു വ്യക്തിയും പ്രതികരിച്ചു. “അതെ സിനിമകൾ കിട്ടാൻ വേണ്ടി, ഞാൻ നായികയാവാൻ ഉള്ള പ്രായമെത്തി എന്ന് കാണിക്കാൻ വേണ്ടി അൽപവസ്ത്രവും ശരീരഭംഗിയും ഒക്കെ കാണിച്ച് പോസ് ചെയ്‌ത്‌ അവരെപ്പറ്റി ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ കുറ്റം മുഴുവനും പറയുന്നവരുടെ മുകളിൽ ആക്കും” എന്നായിരുന്നു മറ്റൊരു കമന്റ്.

ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് എസ്‌തർ അനിൽ. നിലവിൽ ‘ദൃശ്യം 3’ ലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ് താരം. സിനിമയിലെ മാറ്റങ്ങളെക്കുറിച്ചും വളർന്നു വരുന്ന നടിമാർ നേരിടുന്ന ബോഡി ഷെയ്‌മിങ്ങിനെക്കുറിച്ചും എസ്‌തർ നേരത്തെയും തുറന്നു സംസാരിച്ചിട്ടുണ്ട്.

ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘ദൃശ്യം 3’ രാജ്യമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ജോർജുകുട്ടിയും കുടുംബവും വീണ്ടും വെള്ളിത്തിരയിലെത്തുമ്പോൾ ഇത്തവണ കഥയിൽ എന്ത് ട്വിസ്‌റ്റ് ആയിരിക്കും ഒളിപ്പിച്ചുവെച്ചിരിക്കുന്നത് എന്നതാണ് ആരാധകരുടെ പ്രധാന ചർച്ചാവിഷയം. കഴിഞ്ഞ രണ്ട് ഭാഗങ്ങളിലും നിയമത്തെയും പൊലീസിനെയും അതിസമർത്ഥമായി നേരിട്ട ജോർജുകുട്ടിക്ക് മൂന്നാം ഭാഗത്തിൽ തന്റെ കുടുംബത്തെ സംരക്ഷിക്കാൻ പുതിയ വഴികൾ കണ്ടെത്തേണ്ടി വരുമെന്ന് ഉറപ്പാണ്.

ക്ലൈമാക്സിനെക്കുറിച്ചുള്ള ഒട്ടേറെ ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും, പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു ഗംഭീര ക്ലോസിങ് തന്നെയാകും ഈ സിനിമയ്ക്ക് ഉണ്ടാവുകയെന്ന് അണിയറപ്രവർത്തകർ സൂചന നൽകുന്നുണ്ട്. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും വലിയ സ്വീകാര്യതയുള്ള ദൃശ്യം ഫ്രാഞ്ചൈസിയുടെ ഈ മൂന്നാം ഭാഗം ഇന്ത്യൻ ബോക്‌സ് ഓഫിസിൽ പുതിയ റെക്കോർഡുകൾ കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.