
തമിഴ് വെബ് സീരീസായ ‘റിസോർട്ടു’മായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും പരമ്പരയിൽനിന്ന് പിന്മാറുകയാണെന്നും വ്യക്തമാക്കി മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാർ. തനിക്ക് അർഹതപ്പെട്ട പ്രതിഫലം നൽകാൻ അണിയറപ്രവർത്തകർ തയ്യാറാകുന്നില്ലെന്നും താരം സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിച്ചു.
തിരികെ നൽകിയില്ലെന്ന് നടനും തിരക്കഥാകൃത്തുമായ വിജയ് കുമാർ രാജേന്ദ്രൻ പറയുന്ന അഡ്വാൻസ് തുക, തനിക്ക് അവകാശപ്പെട്ട പണമാണെന്ന് അനുഗ്രഹ പറഞ്ഞു. ഷൂട്ടിങ് തുടങ്ങി രണ്ടുമാസത്തിന് ശേഷം കരാറുണ്ടാക്കിയത് അണിയറപ്രവർത്തകരുടെ വീഴ്ചയാണെന്നും നിർബന്ധിതയായാണ് താൻ കരാറിൽ ഒപ്പിട്ടതെന്നും നടി വെളിപ്പെടുത്തി. പ്രധാന വേഷമെന്ന് വാഗ്ദാനം നൽകി തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും കൃത്യമായ പ്ലാനിങ്ങില്ലാതെ പല ദിവസങ്ങളിലും ഷൂട്ടിങ്ങിന് വിളിച്ചുവരുത്തി ബുദ്ധിമുട്ടിച്ചതായും താരം കൂട്ടിച്ചേർത്തു.
ഒരു വർഷത്തെ കരാറിൽ ഒപ്പിട്ട ശേഷം ചിത്രീകരണം നടത്താതെ മറ്റ് അവസരങ്ങൾ തടഞ്ഞുവെന്നും നടി ആരോപിച്ചു. താൻ പ്രതിഫലത്തിന് വേണ്ടി യാചിക്കുകയല്ല, മറിച്ച് അർഹതപ്പെട്ട 25,000 രൂപയും യാത്രാബത്തയുമാണ് ചോദിക്കുന്നത്. ശാരീരികമായും സാമ്പത്തികമായും താൻ കടുത്ത പ്രയാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അണിയറപ്രവർത്തകരുടെ മോശം പെരുമാറ്റം തന്നെ മാനസികമായി തളർത്തിയെന്നും തൻ്റെ ആരോഗ്യവിവരം അറിയിക്കാൻ വിളിച്ച സുഹൃത്തിനോട് പോലും അവർ മോശമായാണ് സംസാരിച്ചതെന്നും അനുഗ്രഹ പറഞ്ഞു.
ജിയോ ഹോട്ട്സ്റ്റാറിൽ പുറത്തിറങ്ങിയ ‘റിസോർട്ട്’ സീരീസിൻ്റെ തിരക്കഥാകൃത്തും നായകനുമായ വിജയ് കുമാർ രാജേന്ദ്രൻ, നക്ഷത്ര മൂർത്തി, നിർമാണക്കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്‌സ് എന്നിവർക്കെതിരെയാണ് അനുഗ്രഹ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. വിവാദങ്ങൾക്കിടയിൽ ഇരവാദം ഉന്നയിക്കാനല്ല, മറിച്ച് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറയാനാണ് ആഗ്രഹിക്കുന്നതെന്നും നടി വ്യക്തമാക്കി.
നായികാവേഷമാണെന്ന് പറഞ്ഞ്, സൈഡ് റോളിനായി മൂന്നുതവണ തന്നെ വിളിച്ചുവരുത്തിയെന്ന് നടി പറഞ്ഞു. വിജയ് കുമാറിനേയും ഭാര്യ നക്ഷത്രാമൂർത്തിയേയും വിളിച്ചത് പങ്കാളിയല്ല, സുഹൃത്താണ്. എന്തിനാണ് വിജയ് കുമാർ വിഷയം മാറ്റാൻ ശ്രമിക്കുന്നത്? എന്തിനാണ് പേടിക്കുന്നത്? തന്റെ സ്ഥാനത്ത് ആരായിരുന്നെങ്കിലും പ്രതികരിച്ചേനെയെന്നും നടി വ്യക്തമാക്കി.
‘ഇരവാദത്തിനോ ആരെയെങ്കിലും മോശക്കാരാക്കാനോ അല്ല ഞാൻ ശ്രമിക്കുന്നത്. ഒരുലക്ഷമോ കൂടുതലോ എനിക്ക് ചോദിക്കാമായിരുന്നു. എന്നാൽ, ഞാൻ ഇപ്പോഴും അർഹതപ്പെട്ട 25,000 രൂപയ്ക്കാണ് ചോദിക്കുന്നത്. എൻ്റെ യാത്രാബത്ത പോലും തന്നിരുന്നില്ല’, നടി പറഞ്ഞു. തുടർന്നാണ് സീരീസിൽനിന്ന് പിന്മാറുന്നതായി നടി അറിയിച്ചത്.
ജിയോഹോട്സ്റ്റാറിൽ പുറത്തിറങ്ങിയ ‘റിസോർട്ട്’ വെബ് സീരീസുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾ ഉടലെടുത്തത്. പരമ്പരയുടെ തിരക്കഥാകൃത്തും നായകനുമായ വിജയ് കുമാർ രാജേന്ദ്രനും ഭാര്യ നക്ഷത്രാമൂർത്തിക്കും നിർമാണക്കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്‌സിനുമെതിരേയാണ് അനുഗ്രഹ ആരോപണവുമായെത്തിയത്.
ഒരുവർഷത്തെ കരാറിൽ ഒപ്പിട്ടശേഷം ചിത്രീകരണം നടത്താതെ തന്റെ മറ്റ് അവസരങ്ങൾ തടഞ്ഞുവെന്ന് അനുഗ്രഹ ആരോപിച്ചു. അവസരങ്ങൾ തടയാൻ കരാർ ചൂണ്ടിക്കാട്ടിയ നിർമാതാക്കൾ, അതുപ്രകാരമുള്ള പ്രതിഫലം നൽകിയില്ലെന്നും ആരോപിച്ചു. പരമ്പരയുടെ അണിയറപ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തെത്തുടർന്ന് താൻ മാനസികമായും ശാരീരികമായും സാമ്പത്തികമായും തകർന്ന് ആത്മഹത്യയുടെ വക്കിലെത്തിയെന്നും നടി വെളിപ്പെടുത്തി. തൻ്റെ ആരോഗ്യവിവരം അറിയിക്കാൻ വിളിച്ച സുഹൃത്തിനോട് മോശമായി സംസാരിച്ചുവെന്നും അവർ ആരോപിച്ചു.