“ജനനായകന്റെ റിലീസിന് തടസങ്ങളുണ്ടാകുമെന്ന് വിജയ് മുൻകൂട്ടിക്കണ്ടിരുന്നു, ഇക്കാര്യം നിർമ്മാതാവിനോട് പറഞ്ഞതുമാണ്”; എസ്.എ. ചന്ദ്രശേഖർ

','

' ); } ?>

ജനനായകന്റെ റിലീസ് തടസങ്ങളിൽ പ്രതികരിച്ച് വിജയ്‌യുടെ അച്ഛനും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ. സിനിമയുടെ റിലീസിന് തടസങ്ങളുണ്ടാകുമെന്ന് വിജയ് മുൻകൂട്ടിക്കണ്ടിരുന്നുവെന്നും, ഇക്കാര്യം വിജയ് മലേഷ്യയിൽ നടന്ന ഓഡിയോ ലോഞ്ചിനിടെ നിർമാതാവിനോട് പറഞ്ഞിരുന്നതായും എസ്.എ. ചന്ദ്രശേഖർ വെളിപ്പെടുത്തി. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പ്രശ്‌നങ്ങൾ പ്രതീക്ഷിച്ചില്ല എന്ന് പറയരുത്. ‘നോക്കൂ, ഞാൻ രാഷ്ട്രീയത്തിലേക്ക് പോകുമ്പോൾ നിങ്ങൾ ഒരു സിനിമ ചെയ്യുന്നു. ചിത്രത്തിന് നേരിടേണ്ടി വരുന്ന തടസ്സങ്ങളെക്കുറിച്ച് നിങ്ങൾക്ക് ബോധമുണ്ടെന്ന് ഞാൻ കരുതുന്നു. നിങ്ങൾക്ക് അതിൽ കുഴപ്പമില്ലേ?’ എന്നാണ് വിജയ് ജനനായകൻ്റെ നിർമാതാവിനോട് ചോദിച്ചത്. തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഇത് നന്നായി പ്രതീക്ഷിച്ചിരുന്നു. ഞങ്ങൾ അത്ഭുതപ്പെടുന്നില്ല. യാതൊരു തടസ്സവുമില്ലാതെ ചിത്രം പുറത്തിറങ്ങിയിരുന്നെങ്കിൽ ഞങ്ങൾ അത്ഭുതപ്പെട്ടേനെ.” ചന്ദ്രശേഖർ പറഞ്ഞു.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ വിജയ്‌യുടെ അഭിനയ ജീവിതത്തിലെ സുപ്രധാന ചിത്രമായാണ് കണക്കാക്കപ്പെടുന്നത്. പൂജ ഹെഗ്ഡെ, മമിത ബൈജു, ബോബി ഡിയോൾ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം ജനുവരിയിൽ പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്നതാണ്. ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കാത്തതിനാൽ റിലീസ് അനിശ്ചിതമായി നീളുകയാണ്.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ചിത്രത്തെക്കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകളും ഇപ്പോൾ സജീവമാണ്. അടുത്തിടെ ചിത്രത്തിൻ്റ ഹൈ ക്വാളിറ്റി പ്രിൻ്റ് ഓൺലൈനിലൂടെ ചോർന്നിരുന്നു. ചെന്നൈ സൈബർ ക്രൈം പോലീസിൽ ഫയൽ ചെയ്ത പരാതിയെത്തുടർന്ന്, ചോർച്ചയുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.