ലോൺ ആപ്പ് തട്ടിപ്പ്: മുന്നറിയിപ്പുമായി നടൻ അജു വർഗീസ്

','

' ); } ?>

നടൻ അജു വർഗീസിന്റെ പേരും ചിത്രവും ദുരുപയോഗം ചെയ്ത് വ്യാജ വായ്പാ പരസ്യം പ്രചരിപ്പിക്കുന്നതായി പരാതി. തന്റെ സമ്മതമില്ലാതെ ചിത്രം ഉപയോഗിച്ച ‘എഎം ട്രസ്റ്റ് ലോൺ സർവീസസ്’ എന്ന സ്ഥാപനത്തിനെതിരെ നടൻ തന്നെ നേരിട്ട് രംഗത്തെത്തി. സംസ്ഥാനത്ത് ഓൺലൈൻ ലോൺ ആപ്പുകൾ വഴിയുള്ള തട്ടിപ്പുകളും ഭീഷണികളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് അജു വർഗീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി എത്തിയത്.

തന്റെ ഫോട്ടോ സഹിതം ‘മൂന്ന് ലക്ഷം രൂപ വരെ കേരളത്തിൽ എവിടെയും നൽകുന്നു’ എന്ന വാഗ്ദാനവുമായി പ്രചരിക്കുന്ന പരസ്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചാണ് നടൻ സത്യാവസ്ഥ വ്യക്തമാക്കിയത്. ഈ സ്ഥാപനവുമായോ അവർ മുന്നോട്ടുവെക്കുന്ന വായ്പാ പദ്ധതികളുമായോ തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് അദ്ദേഹം അറിയിച്ചു.

ഇത്തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങളിൽ ജനങ്ങൾ വഞ്ചിതരാകരുതെന്നും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ഇത്തരം കെണികളിൽപ്പെട്ട് അപകടത്തിലാക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഒരു അനധികൃത ബാങ്കിങ് സ്ഥാപനം തന്റെ അനുമതിയില്ലാതെയാണ് പ്രചാരണം നടത്തുന്നതെന്നും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും നടൻ കുറിച്ചു. സിനിമാ താരങ്ങളുടെയും പ്രമുഖരുടെയും ചിത്രങ്ങൾ ഉപയോഗിച്ച് ജനങ്ങളെ വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാകുന്ന പശ്ചാത്തലത്തിലാണ് താരത്തിന്റെ ഈ പ്രതികരണം.