കോടികളുമായി നടൻ അർജുൻ ദാസ് പിടിയിൽ?; വൈറലായി ബോധവത്കരണ വീഡിയോ

','

' ); } ?>

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധന കർശനമാക്കുന്നതിനിടെ, നടൻ അർജുൻ ദാസിന്റെ കാറിൽ നിന്ന് പണമടങ്ങിയ ബാഗ് പിടികൂടിയെന്ന വാർത്തകൾക്ക് പിന്നിലെ സത്യാവസ്ഥ പുറത്ത്. തന്റെ പുതിയ ചിത്രമായ ‘കോൺ സിറ്റി’യുടെ (Kone City) പ്രൊമോ ഷൂട്ടിന്റെ ഭാഗമായി താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ബോധവത്കരണ വീഡിയോയായിരുന്നു അത്. ചെന്നൈ മംഗളാപുരത്ത് വെച്ച് ഫ്‌ളൈയിങ് സ്ക്വാഡ് നടന്റെ കാർ തടഞ്ഞുനിർത്തുന്നതായാണ് വീഡിയോയിലുള്ളത്.

കാർ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ ഡിക്കിയിൽ നിന്ന് പണം നിറഞ്ഞ ബാഗ് കണ്ടെടുത്തതോടെ അർജുൻ ദാസും സംഗീത സംവിധായകൻ ഷോൻ റോൾഡനും ഉദ്യോഗസ്ഥരുമായി തർക്കിക്കുന്നതും വീഡിയോയിൽ കാണാം. താൻ നടനാണെന്നും സിനിമയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് പോകുന്നതെന്നും അർജുൻ ദാസ് പറയുന്നുണ്ടെങ്കിലും, “ഇത് തിരഞ്ഞെടുപ്പ് സമയമാണ്, മുഖ്യമന്ത്രി വന്നാലും പരിശോധന കഴിഞ്ഞേ വിടൂ” എന്ന് ഉദ്യോഗസ്ഥ കർശന നിലപാട് സ്വീകരിക്കുകയായിരുന്നു.

വീഡിയോയുടെ അവസാന ഭാഗത്താണ് ഇതെല്ലാം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ചിത്രീകരിച്ചതാണെന്ന് അർജുൻ ദാസ് വെളിപ്പെടുത്തുന്നത്. ബാഗിലുണ്ടായിരുന്നത് ഡമ്മി നോട്ടുകളാണെന്ന് വ്യക്തമാക്കിയ താരം, തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കേണ്ടതിന്റെയും ഉദ്യോഗസ്ഥരുടെ പരിശോധനകളോട് സഹകരിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളോട് സംസാരിച്ചു. സിനിമയുടെ പ്രചാരണത്തിനൊപ്പം തന്നെ പൗരധർമ്മത്തെക്കുറിച്ച് ബോധവത്കരണം നൽകുന്ന താരത്തിന്റെ ഈ വേറിട്ട രീതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്.