“ഞെട്ടലും വേദനയുമുണ്ടാക്കി, ഇനി ഇത് അനുവദിക്കരുത്”; രജനികാന്ത്

','

' ); } ?>

വിജയ് ചിത്രം ജനനായകൻ ചോർന്ന സംഭവത്തിൽ പ്രതികരിച്ച് നടൻ രജനീകാന്ത്. ഞെട്ടലും വേദനയുമുണ്ടാക്കിയ സംഭവമാണിതെന്നും, ഇത്തരത്തിലുള്ള പൈറസി പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കരുതെന്നും രജനികാന്ത് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പേജായ എക്‌സിൽ പോസ്റ്റ് ചെയ്ത‌ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനനായകൻ സിനിമയുമായി ബന്ധപ്പെട്ടുയർന്ന ഒരു വിവാദത്തിൽ ഇതാദ്യമായാണ് രജനീകാന്ത് പ്രതികരിക്കുന്നത്.

‘ജനനായകൻ സിനിമ ഓൺലൈനിൽ ചോർന്നത് ഞെട്ടലും വേദനയുമാണ് നൽകിയിരിക്കുന്നത്. സിനിമാ സംഘടനകൾ ഇതിനെതിരെ ശബ്ദം ഉയർത്തണം. സർക്കാർ ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി കർശനമായ ശിക്ഷ നൽകുകയും വേണം. ഇത്തരം കുറ്റകൃത്യങ്ങൾ ഭാവിയിൽ തുടരാൻ അനുവദിക്കരുത്.’- രജനീകാന്ത് കുറിച്ചു.

സംഭവത്തെ അപലപിച്ച് തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരങ്ങൾ വിജയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ചിരഞ്ജീവി, സൂര്യ, ശിവകാർത്തികേയൻ, കാർത്തി, വിശാൽ തുടങ്ങിയവർ പൈറസിക്കെതിരെ ശക്തമായി സംസാരിക്കുകയും വിജയ്‌യുടെ അവസാന ചിത്രത്തെ ഇത്തരത്തിൽ ഉപദ്രവിക്കുന്നത് ക്ഷമിക്കാനാവാത്ത തെറ്റാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.

‘ജനനായക’നുമായി ബന്ധപ്പെട്ട ലീക്കായ ഏതെങ്കിലും ഉള്ളടക്കം ഒരു കാരണവശാലും ഏതെങ്കിലും ഡിജിറ്റൽ അല്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി ഡൗൺലോഡ് ചെയ്യുകയോ, സ്വീകരിക്കുകയോ, സേവ് ചെയ്യുകയോ, ഫോർവേഡ് ചെയ്യുകയോ, ഷെയർ ചെയ്യുകയോ, പ്രചരിപ്പിക്കുകയോ ചെയ്യരുത് എന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ടെസ്റ്റ് സ്ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചരമിനിറ്റോളം ദൈർഘ്യമുള്ള ക്ലിപ്പുകളാണ് പുറത്തുവന്നത്. സംഘട്ടന രംഗത്തിൽ വിജയ്‌യുടെ ഇൻട്രോ, ചിത്രത്തിന്റെ ടൈറ്റിൽ കാർഡ് തുടങ്ങിയവ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകളിൽ കാണാം.