
വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ജനനായകൻ’ റിലീസിന് മുൻപെ ഇന്റർനെറ്റിൽ ചോർന്ന സംഭവത്തിൽ ശക്തമായ മുന്നറിയിപ്പുമായി നിർമ്മാതാക്കൾ രംഗത്ത്. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് കെവിഎൻ പ്രൊഡക്ഷൻസ് ആണ് നിയമനടപടികൾ ആരംഭിച്ചത്. സിനിമ ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്നതോ പ്രചരിപ്പിക്കുന്നതോ അതീവ ഗുരുതരമായ കുറ്റമാണെന്നും എക്സ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങി എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും പൈറേറ്റഡ് ഉള്ളടക്കം പങ്കുവെക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും നിർമ്മാണക്കമ്പനി വ്യക്തമാക്കി.
തങ്ങളുടെ നിയമോപദേശകൻ മുഖേന ഇതിനോടകം തന്നെ നോട്ടീസ് പുറപ്പെടുവിച്ചതായും കുറ്റക്കാർക്കെതിരെ സിവിൽ, ക്രിമിനൽ നടപടികൾ ഉടനടി ആരംഭിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. സംഭവത്തിൽ പ്രതികരണവുമായി നടൻ ശിവകാർത്തികേയനും രംഗത്തെത്തിയിട്ടുണ്ട്. നൂറുകണക്കിന് ആളുകളുടെ കഠിനാധ്വാനമാണ് ഒരു സിനിമയെന്നും പ്രേക്ഷകർ തിയേറ്റർ റിലീസിനായി കാത്തിരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇത്തരം പ്രവർത്തികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നും സിനിമ എന്ന കലയേയും അതിനുപിന്നിലെ അധ്വാനത്തെയും മാനിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ജനനായകന്റെ ഇൻട്രോ സീൻ, ടൈറ്റിൽ കാർഡ്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ദളപതി കച്ചേരി’ എന്ന ഗാനത്തിന്റെ ഭാഗങ്ങൾ എന്നിവ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. 2026 ജനുവരി 9-ന് പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ വൈകുന്നതും മറ്റ് വിവാദങ്ങളും നിലനിൽക്കെ സിനിമ ചോർന്നത് സിനിമാ വ്യവസായത്തിന് വലിയ ആഘാതമായി മാറിയിട്ടുണ്ട്.