“നൂറുകണക്കിന് ആളുകളുടെ രക്തവും വിയർപ്പും, ഇതിന് ഉത്തരവാദികളായവർ കർശന നടപടി നേരിടേണ്ടിവരും”; ശിവ കാർത്തികേയൻ

','

' ); } ?>

 

വിജയ് ചിത്രം ജനനായകൻ സമൂഹമാധ്യമങ്ങളിൽ ലീക്കായതിനു പിന്നാലെ പ്രതികരിച്ച് നടൻ ശിവകാർത്തികേയൻ. ഓരോ സിനിമയും നൂറുകണക്കിന് ആളുകളുടെ അഭിനിവേശം, രക്തം, വിയർപ്പ് എന്നിവ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്നും, ഇതിന് ഉത്തരവാദികളായവർ കർശന നടപടി നേരിടേണ്ടിവരുമെന്നും ശിവകാർത്തികേയൻ പറഞ്ഞു.

‘ഓരോ സിനിമയും നൂറുകണക്കിന് ആളുകളുടെ അഭിനിവേശം, രക്തം, വിയർപ്പ് എന്നിവ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത് – ദയവായി പൈറസി ഒഴിവാക്കുക. ദയവായി തിയേറ്റർ റിലീസിനായി കാത്തിരിക്കുക, തിയേറ്ററുകളിൽ തന്നെ കാണുക. ഇതിന് ഉത്തരവാദികളായവർ കർശന നടപടി നേരിടേണ്ടിവരും. പ്രതിഭകളെ ബഹുമാനിക്കുക. കഠിനാധ്വാനത്തെ ബഹുമാനിക്കുക. വ്യവസായത്തെ ബഹുമാനിക്കുക.’ ശിവകാർത്തികേയൻ പറഞ്ഞു.

ദളപതി വിജയ്‌യുടെ 33 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിരാമമിടുന്ന അവസാന ചിത്രമെന്ന നിലയിൽ ആഗോളതലത്തിൽ വലിയ പ്രതീക്ഷയാണ് ചിത്രത്തിനുണ്ടായിരുന്നത്. സിനിമയുടെ സുപ്രധാന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഇതിൽ പ്രതികരിച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് എന്നാണ് ഇതുവരെയുള്ള വിവരം.

ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു.

സിനിമയ്ക്ക് ‘യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനിടെ സിനിമയുടെ ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്മാറി എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. സിനിമയുടെ റീലീസ് കാലതാമസമാണ് ഒ ടി ടി ഡീലിൽ നിന്ന് പിന്മാറാൻ ആമസോൺ പ്രൈമിനെ പ്രേരിപ്പിച്ചത്. പുതിയ ഒടിടി ഡീലിനായുള്ള ചർച്ചകൾക്കായി ഒരുങ്ങുകയാണ് സിനിമയുടെ നിർമാതാക്കൾ.