“ശിക്ഷ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് വെറും പ്രഹസനം, പണവും സ്വാധീനവുമുള്ളവർക്കെതിരെ പൊരുതുന്നത് സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ വെല്ലുവിളി”; പാർവതി തിരുവോത്ത്

','

' ); } ?>

സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് നടി പാർവതി തിരുവോത്ത്. ശിക്ഷ എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് വെറും പ്രഹസനം ആണെന്നും, മുൻപ് ചെയ്ത തെറ്റുകൾക്ക് അർഹമായ ശിക്ഷ ലഭിക്കാത്തവരാണ് ഇവർ എന്നും പാർവതി പറഞ്ഞു. കൂടാതെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ എന്തിനാണ് സ്ത്രീകൾ പരാതി നൽകാൻ വൈകിയത് എന്ന് ചോദിക്കുന്നവർ യാഥാർത്ഥ്യം മനസ്സിലാക്കുന്നില്ലെന്നും, പണമുള്ളവർക്കും സ്വാധീനമുള്ളവർക്കും എതിരെ പൊരുതുക എന്നത് സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ വെല്ലുവിളിയാണെന്നും പാർവതി കൂട്ടിച്ചേർത്തു.

“മുൻപ് ചെയ്ത തെറ്റുകൾക്ക് അർഹമായ ശിക്ഷ ലഭിക്കാത്തവരാണ് ഇവർ. അതുകൊണ്ട് തന്നെ ഇത്തരമൊരു വാർത്തയിൽ തനിക്ക് അത്ഭുതമോ ഷോക്കോ തോന്നുന്നില്ല. കരീന കപൂർ പറഞ്ഞപോലെ thak gayi mei (ഞാൻ മടുത്തുപോയി) എന്ന വാചകം ഞാൻ അടുത്തിടെ കേട്ടു. അതിനുശേഷം ഞാൻ ഇത് പലപ്പോഴും ഉദ്ധരിക്കാറുണ്ട്. ശരിക്കും ഞാൻ മടുത്തുപോയി. നമുക്ക് ജീവിക്കണം, ജോലി ചെയ്യണം, ആക്ടിവിസ്റ്റ് ആകണം, ചോദ്യങ്ങളുടെ ഭാരം ചുമക്കണം, പണം സമ്പാദിക്കണം… ഇതിനിടയിൽ ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് നിരന്തരം സംസാരിക്കേണ്ടി വരുന്നത് വലിയ തളർച്ചയുണ്ടാക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ എന്തിനാണ് സ്ത്രീകൾ പരാതി നൽകാൻ വൈകിയത് എന്ന് ചോദിക്കുന്നവർ യാഥാർത്ഥ്യം മനസ്സിലാക്കുന്നില്ല. പരാതികളുമായി മുന്നോട്ട് വരുന്ന സ്ത്രീകൾക്ക് പിന്നീട് ഈ ഇൻഡസ്ട്രിയിൽ ജോലി ലഭിക്കാത്ത അവസ്ഥയുണ്ട്. അവർക്ക് സാമ്പത്തികമായി നിലനിൽക്കാൻ സാധിക്കാതെ വരുന്നു. പണമുള്ളവർക്കും സ്വാധീനമുള്ളവർക്കും എതിരെ പൊരുതുക എന്നത് സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ വെല്ലുവിളിയാണ്.” പാർവതി പറഞ്ഞു.

“അതിജീവിതർ നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് സമൂഹം വേണ്ടത്ര ബോധവാന്മാരല്ല. പലർക്കും പേരുകൾ അറിയാനുള്ള ആകാംക്ഷ മാത്രമാണുള്ളത്, നീതി നടപ്പിലാക്കുന്നതിൽ താൽപ്പര്യമില്ല. ജനങ്ങൾ പലപ്പോഴും ചോദിക്കുന്നത് “എന്തുകൊണ്ട് ഇവർ നേരത്തെ പറഞ്ഞില്ല?” എന്നാണ്. എന്നാൽ സിസ്റ്റത്തിന്റെ പോരായ്മകൾ മൂലം അവർക്ക് നേരിടേണ്ടി വരുന്ന നഷ്ടങ്ങളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല.

അമ്മ എന്ന സംഘടനയെപ്പോലെ ഡബ്ല്യു.സി.സിക്ക് അധികാരമില്ലെങ്കിലും കൃത്യമായ മാറ്റങ്ങൾക്കായി തങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സിനിമാ സെറ്റുകളിൽ ഐ.സി.സി അത്യാവശ്യമാണെന്ന് വരുന്നത് ഒരു സാധാരണ കാര്യമായി മാറ്റാൻ തങ്ങൾ കഠിനാധ്വാനം ചെയ്തു. റിപ്പോർട്ട് നാലര വർഷത്തോളം മൂടിവെച്ചതു കൊണ്ടാണ് കുറ്റവാളികൾക്ക് ശിക്ഷയെക്കുറിച്ച് ഭയമില്ലാതായത്.” പാർവതി കൂട്ടിച്ചേർത്തു.