
സാമൂഹികമാധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവർക്കെതിരെ നടൻ മോഹൻലാൽ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തന്റെ ശബ്ദം അടക്കം ക്ലോൺ ചെയ്യുന്നത് ഗുരുതര പ്രശ്നമെന്നും മോഹൻലാൽ കോടതിയെ അറിയിച്ചിരുന്നു. അനുമതിയില്ലാതെ പരസ്യചിത്രങ്ങളിലും മറ്റും എഐ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ശബ്ദം, ചിത്രങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
വ്യക്തി അവകാശം ലംഘിക്കുന്ന ഓണ്‍ലൈന്‍ പേജുകളിൽ പിന്‍വലിക്കേണ്ട ലിങ്കുകള്‍ ക്രോഡീകരിച്ച് പുതിയ അപേക്ഷ നല്‍കാൻ കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഹർജിയിൽ മെറ്റ, ആമസോൺ, ഗൂഗിൾ എന്നിവരെയാണ് പ്രധാനപ്പെട്ട കക്ഷികൾ ആയി പരാമർശിച്ചിരുന്നത്. മോഹൻലാൽ ഫയൽ ചെയ്ത ഹർജിയിൽ അഭിഭാഷകൻ എംഎഫ് ഫിലിപ്പാണ് ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്.
അഞ്ച് പ്രധാനപ്പെട്ട വിഷയങ്ങളാണ് താരത്തിന്റെ ഹർജിയിൽ ഉന്നയിച്ചിരുന്നത്. അനധികൃതമായി സാധനങ്ങൾ വിൽക്കുന്നതിന് ചിത്രങ്ങളും വിഡിയോകളും ഉപയോഗിക്കുന്നു. ആൾമാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തുന്നതിന് ചിത്രങ്ങളും വിഡിയോകളും ഉപയോഗിക്കുന്നു. അനുമതിയില്ലാതെ ശബ്ദം ഉപയോഗിക്കുന്നു. വോയ്സ് ക്ലോണിങ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തട്ടിപ്പെന്നും ഫിലിപ്പ് കോടതിയിൽ വാദിച്ചു. അനുമതിയില്ലാതെ ഉത്പന്നങ്ങളും സേവനങ്ങളും വാണിജ്യപരമായി വിൽക്കുന്നതിന് തന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നു.
തന്റെ ബഹുമാനത്തിനും പ്രശസ്തിക്കും ഹാനികരമായ രീതിയിൽ ചിത്രങ്ങളും, വിഡിയോകളും ഉപയോഗിക്കുന്നു. ബോഡി ഷെയ്മിങ് ഉൾപ്പടെ നടക്കുന്നു. നർമ്മം, ആക്ഷേപഹാസ്യം അല്ലെങ്കിൽ ഡിജിറ്റൽ ഉള്ളടക്കം എന്നിവയുടെ മറവിൽ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ അടിസ്ഥാനരഹിതമോ ആയ കിംവദന്തികൾ പ്രചരിപ്പിക്കുന്നു.
ഇതേ ആവശ്യം ഉന്നയിച്ച് സിനിമാ, ക്രിക്കറ്റ് മേഖലയില്‍ നിന്നുള്ളവരും മറ്റ് സെലിബ്രിറ്റികളും നേരത്തെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതില്‍ അനില്‍ കപൂര്‍, അഭിഷേക് ബച്ചന്‍ എന്നിവരും ഉള്‍പ്പെടുന്നു.