
മോഹൻലാലിനെയും തന്നെയും തമ്മിൽ ഒരിക്കലും താരതമ്യപ്പെടുത്തരുതെന്ന് നടൻ നിവിൻ പോളി. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രം ‘പ്രതിഛായ’യുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാലേട്ടൻ എന്ന് പറഞ്ഞാൽ ലാലേട്ടനാണെന്നും അദ്ദേഹത്തെപ്പോലെ മറ്റൊരാളില്ലെന്നും നിവിൻ പറഞ്ഞു.
അഭിനയം വളരെ കാഷ്വൽ ആയി സമീപിക്കുന്ന വ്യക്തിയാണ് താനെന്നും തുടക്കം മുതൽ അങ്ങനെയാണ് ശീലിച്ചതെന്നും താരം വ്യക്തമാക്കി. താൻ അഭിനയം പഠിച്ച ആളല്ലെന്നും ഓരോ സിനിമയുടെയും സംവിധായകർ കാണിച്ചുതന്ന വഴികളിലൂടെയാണ് ഇതുവരെ സഞ്ചരിച്ചതെന്നും നിവിൻ കൂട്ടിച്ചേർത്തു. സിനിമ തുടങ്ങുന്നതിന് മുൻപ് വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളോ തലേദിവസം ഇരുന്ന് ഡയലോഗ് പഠിക്കുന്ന രീതിയോ തനിക്കില്ല. നേരിട്ട് ലൊക്കേഷനിൽ എത്തി തിരക്കഥ വായിച്ച ശേഷം തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുന്നു. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്തിത്തരാൻ സംവിധായകനുണ്ടെന്ന ബോധ്യം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടക്കത്തിൽ സംവിധായകന്റെയും തന്റെയും കാഴ്ചപ്പാടുകൾ തമ്മിൽ ഒരു ധാരണയിലെത്തിക്കഴിഞ്ഞാൽ പിന്നീട് അഭിനയിക്കുന്ന സമയത്ത് താൻ വലിയ സമ്മർദ്ദം അനുഭവിക്കാറില്ലെന്നും നിവിൻ പോളി വ്യക്തമാക്കി.
ബി. ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പ്രതിഛായ’ മാർച്ച് 26-നാണ് തിയേറ്ററുകളിൽ എത്തുന്നത്. ബാലചന്ദ്രമേനോൻ, ഹരിശ്രീ അശോകൻ, നിഷാന്ത് സാഗർ, നീതു കൃഷ്ണ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.