
‘സീതാരാമം’ തന്റെ ആദ്യത്തേയും അവസാനത്തേയും തെലുങ്ക് ചിത്രമായിരിക്കുമെന്ന് ദുൽഖർ സൽമാനോട് പറഞ്ഞിരുന്നുവെന്ന് നടി മൃണാൾ ഠാക്കൂർ. ‘സീതാരാമ’ത്തിൽ ഉപയോഗിച്ചിരുന്ന 70-കളിലേയും 80-കളിലേയും തെലുങ്ക് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കിയെന്ന് മൃണാൾ പറഞ്ഞു. കൂടാതെ ഭാഷാപരമായി വെല്ലുവിളികൾ നേരിട്ടെങ്കിലും ‘സീതാരാമം’ പോലുള്ള സിനിമകൾക്കായി ചെലവഴിക്കുന്ന സമയം പിന്നീട് സർഗാത്മകമായി സംതൃപ്തി നൽകിയെന്നും മൃണാൾ കൂട്ടിച്ചേർത്തു. ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ആഗോളതലത്തിൽപ്പോലും എനിക്ക് സ്വീകാര്യത ലഭിച്ചത് ‘സീതാരാമം’ എന്ന തെലുങ്ക് ചിത്രത്തിലൂടേയാണ്. ‘സീതാരാമം’ ആണ് എന്നെ നടിയായി അടയാളപ്പെടുത്തിയതും. ‘സീതാരാമം’ എന്റെ ആദ്യത്തേയും അവസാനത്തേയും തെലുങ്ക് ചിത്രമായിരിക്കുമെന്ന് ദുൽഖർ സൽമാനോട് പറഞ്ഞിരുന്നു. തെലുങ്ക് ഭാഷ പഠിക്കാനും കൈകാര്യംചെയ്യാനുമുള്ള പ്രയാസം കാരണമാണ് അനഗ്നെ പറഞ്ഞത്. ഭാഷാപരമായി വെല്ലുവിളികൾ നേരിട്ടെങ്കിലും ‘സീതാരാമം’ പോലുള്ള സിനിമകൾക്കായി ചെലവഴിക്കുന്ന സമയം പിന്നീട് സർഗാത്മകമായി സംതൃപ്തി നൽകി.” മൃണാൾ പറഞ്ഞു.
“സീതാരാമ’ത്തിൽ ഉപയോഗിച്ചിരിക്കുന്നത് സാധാരണ സംസാരഭാഷയല്ല. 70-കളിലേയും 80-കളിലേയും തെലുങ്കാണ്. ഇത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. ഒരു തെലുങ്ക് സിനിമ പൂർത്തിയാക്കാൻ ഏകദേശം 150 ദിവസത്തെ പരിശ്രമം വേണ്ടിവരും. ഇത്രയധികം അധ്വാനം വേണ്ടിവരുന്നതുകൊണ്ടുകൂടിയാണ് എൻ്റെ അവസാന തെലുങ്ക് ചിത്രമായിരിക്കും ‘സീതാരാമം’ എന്ന് പറഞ്ഞത്. എന്നാൽ അത്തരം സിനിമകൾക്കുവേണ്ടി ചെലവഴിച്ച സമയം മൂല്യവത്താണെന്ന് ഇപ്പോൾ തിരിച്ചറിയുന്നു.” മൃണാൾ കൂട്ടിച്ചേർത്തു.
ദുൽഖർ സൽമാനേയും മൃണാൾ ഠാക്കൂറിനേയും രശ്‌മിക മന്ദാനയേയും പ്രധാനകഥാപാത്രങ്ങളായി ഹനു രാഘവപുടി സംവിധാനംചെയ്ത തെലുങ്ക് ചിത്രമാണ് ‘സീതാരാമം’. 2022-ൽ പുറത്തിറങ്ങിയ ചിത്രം വലിയ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. 25 കോടി ചെലവിൽ നിർമിച്ച ചിത്രം 100 കോടി കളക്ഷൻ നേടി. 2022-ലെ മികച്ച ചിത്രത്തിനുള്ള തെലങ്കാന സർക്കാറിന്റെ ഗദ്ദർ അവാർഡ് ‘സീതാരാമം’ നേടിയിരുന്നു.