
മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’യുടെ റിലീസിൽ മാറ്റമുണ്ടെന്ന് റിപ്പോർട്ടുകൾ. ഏപ്രിൽ രണ്ടിന് തീയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിച്ച ചിത്രം മേയിലോ ജൂണിലോ ആയിരിക്കും റിലീസിനെത്തുക. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ജിസിസി രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യാനാകത്തതിനെ തുടർന്നാണ് റിലീസ് മാറ്റി വയ്ക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
റിലീസ് മാറ്റിവച്ചത് സംബന്ധിച്ച് ഔദ്യോഗിക വിവരമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ഉടൻ തന്നെ നിർമാതാക്കൾ ഇത് സംബന്ധിച്ചുള്ള വിവരം പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദൃശ്യം ഫ്രാഞ്ചൈസിയിലെ അവസാന ചിത്രമായിരിക്കും ദൃശ്യം 3 എന്നാണ് പുറത്തുവരുന്ന വിവരം. മീന, എസ്തർ അനിൽ, അൻസിബ ഹസൻ, ആശ ശരത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ദൃശ്യം ആദ്യ ഭാഗങ്ങൾ പോലെയായിരിക്കില്ല മൂന്നാം ഭാഗമെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ അറിയിച്ചിരുന്നു. മലയാളത്തിലും ഹിന്ദിയിലും ഒരുപോലെ ഹിറ്റായ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവും ഇരുഭാഷകളിലും ഒന്നിച്ചായിരുന്നു. 2013 ലായിരുന്നു ദൃശ്യം പുറത്തിറങ്ങിയത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ ഹിറ്റുമായി മാറിയിരുന്നു.