
ബാലതാരമായി സിനിമയിലെത്തി പിന്നീട് തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധേയയായ താരമാണ് മഞ്ജിമ മോഹൻ. ‘ഒരു വടക്കൻ സെൽഫി’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ താരം പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമാവുകയായിരുന്നു. ഇതിനിടയിലായിരുന്നു നടൻ കാർത്തിക്കിന്റെ മകനും യുവനടനുമായ ഗൗതം കാർത്തിക്കുമായുള്ള വിവാഹം. എക്കാലത്തും അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ മാത്രം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാറുള്ള മഞ്ജിമ സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിലെ ‘ആസ്ക് മി എനിതിങ്’ സെഷനിലൂടെ ആരാധകരുടെ വിവിധ ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടികളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഇതുവരെയുള്ള ജീവിതത്തിൽനിന്ന് പഠിച്ച ഏറ്റവും വലിയ പാഠമെന്താണ് എന്ന ആരാധകന്റെ ചോദ്യത്തിന്, കണ്ണുകെട്ടിയ കുതിരയെപ്പോലെ ഓടുക എന്നാണ് മഞ്ജിമ മറുപടി നൽകിയത്. ഒരു ശബ്ദകോലാഹലങ്ങളും താരതമ്യപ്പെടുത്തലുകളും ഉണ്ടായിരിക്കില്ലെന്നും, താനും തന്റെ വഴിയും മാത്രമാണ് ഉള്ളതെന്നും താരം വ്യക്തമാക്കി. എപ്പോഴാണ് ഭർത്താവിനൊപ്പം ഒരു കുടുംബമായി ജീവിക്കുന്നത് എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. കുട്ടികൾ വേണ്ടേ എന്ന ധ്വനിയോടെയുള്ള ഈ ചോദ്യത്തിന്, ‘ഞങ്ങൾ എപ്പോഴോ കുടുംബമായിക്കഴിഞ്ഞു’ എന്ന അർഹിക്കുന്ന മറുപടിയാണ് നടി നൽകിയത്.
ഈ ലോകത്ത് ഏറ്റവും ഇഷ്ടപ്പെടുന്നത് എന്തിനെയാണ് എന്ന് ചോദിച്ചപ്പോൾ ഭർത്താവ് ഗൗതമിന്റെ ഫോട്ടോയാണ് മഞ്ജിമ ആരാധകർക്കായി പങ്കുവെച്ചത്.
ഇതിന് പുറമെ സ്കിൻ കെയർ റുട്ടീൻ, ഏറ്റവും ഒടുവിൽ കണ്ട സീരീസ് തുടങ്ങിയവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും താരം മറുപടി നൽകി. ‘കെ പോപ് ഡിമോൺ ഹണ്ടേഴ്സ്’ ആണ് ഏറ്റവുമൊടുവിൽ കണ്ട സീരീസെന്ന് വ്യക്തമാക്കിയ നടി, തന്റെ പുതിയ പ്രൊജക്ടുകളുടെ ചർച്ചകൾ നടക്കുകയാണെന്നും അത് ഉടനെ തന്നെ സംഭവിക്കുമെന്നും കൂട്ടിച്ചേർത്തു.